റിയാദ്: കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം തയ്യാറാക്കിയ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് അടച്ചു. രോഗ ബാധിതരുടെ എണ്ണം കുറഞ്ഞതോടെയാണ് വാര്‍ഡ് അടച്ചത്. വാര്‍ഡ് അടച്ചതില്‍ ആശുപത്രി ജീവനക്കാര്‍ ആഹ്‌ളാദം പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രോഗ ബാധിതര്‍ വര്‍ധിച്ചതോടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചത്. ഒരു ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണ് അടച്ചത്. അതേസമയം, കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ കൊവിഡ് ചികിത്സ തുടരും.
റിയാദിലെ കൊവിഡ് ചികിത്സാ മേഖലയില്‍ സുപ്രധാന കേന്ദ്രമാണ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി. പ്രത്യേകം തയ്യാറാക്കിയ വാര്‍ഡില്‍ ഒറ്റ മുറികളിലാണ് കൊവിഡ് ബാധിതരെ ചികിത്സിച്ചിരുന്നത്. ഐസൊലേഷന്‍ വാര്‍ഡ് അടച്ചതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട ജീവനക്കാര്‍ ആഹ്‌ളാദം പങ്കുവെച്ചു. ഐസൊലേഷന്‍ വാര്‍ഡ് അടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഖാലിദ് ദഹ്മശിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. രണ്ടര ലക്ഷത്തിലധികം ആളുകളാണ് 24 മണിക്കൂറിനിടെ ദൃശ്യങ്ങള്‍ കണ്ടത്.
വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മുന്‍കരുതല്‍ ആവശ്യമാണെന്ന് ഡോ. ഖാലിദ് ദഹ്മശി പറഞ്ഞു. കൊവിഡ് വൈറസ് പൂര്‍ണമായും വിട്ടുപോയിട്ടല്ല. ഐസൊലേഷന്‍ വാര്‍ഡ്, ഇന്റന്‍സിവ് കെയര്‍ യൂനിറ്റ് എന്നിവ പൂട്ടിയെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.