റിയാദ്: ലോക സീനീയര്‍ വെയ്റ്റ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പ് റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോര്‍ട്‌സ് മന്ത്രാലയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇന്റര്‍നാഷനല്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ജലൂദിന്റയും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫഹദ് ബിന്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ 17 ന് സമാപിക്കുന്ന മത്സരങ്ങള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി ആറ് ഇന്ത്യന്‍ താരങ്ങളും മത്സര രംഗത്തുണ്ട്. 49 കിലോ വനിതാ വിഭാഗത്തില്‍ മീരാഭായ് ചാനു, 55 കിലോ വനിതാവിഭാഗത്തില്‍ ബിന്ദ്ര്യാനി ദേവി, 73 കിലോ പുരുഷ വിഭാഗത്തില്‍ അച്ചിന്ദ ഷൗലി, അജിത് നാരായന്‍, 109 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുദീപ് സിങ്, 61 കിലോ വിഭാഗത്തില്‍ സുഭം തനാജി തോഡ്കര്‍ എന്നിവരാണ് ഇന്ത്യന്‍ കരുത്തുമായി കളത്തിലിറങ്ങുന്നത്.
സൗദിയില്‍ ആദ്യമായാണ് അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുക്കുന്നത്. 170 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ, വനിതാ അത്‌ലറ്റുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. 2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് റിയാദില്‍ അരങ്ങേറുന്ന മത്സരം നിര്‍ണായകമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
