റിയാദ്: സൗദി അറേബ്യയില്‍ 2.84 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യമാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നാലു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ 50,000 പേര്‍ ജോലി ഉപേക്ഷിച്ചവരാണ്.
അതേസമയം, വന്‍കിട കമ്പനികളുടെ സഹായത്തോടെ തൊഴില്‍ വിപണിയിലുണ്ടായ മാന്ദ്യം മറികടക്കാനുളള ശ്രമത്തിലാണ് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളില്‍ ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.
അവധിയില്‍ വിദേശത്തുളള തൊഴിലാളികളോട് ചില കമ്പനികള്‍ രാജി വെക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളമുളള 36,000 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. കൊവിഡിനെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിടാന്‍ തൊഴില്‍ നിയമം നേരത്തെ ഭേദഗതി ചെയ്തിരുന്നു. രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാവുകയും വിപണി ഉണരുകയും ചെയ്തതോടെ പല കമ്പനികളും ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാഗികമായി വ്യോമ ഗതാഗതം ആരംഭിച്ചതോടെ വിദേശികള്‍ മടങ്ങി എത്തുന്നുണ്ട്.
അന്താരാഷ്ട്ര വ്യോല ഗതാഗതം പൂര്‍ണമായി ആരംഭിക്കുന്നതോടെ ട്രാവല്‍, ടൂറിസം, കരാര്‍, വ്യാപാര മേഖലകള്‍ കൂടുതല്‍ സജീവമാകും. അടുത്ത വര്‍ഷം ജനുവരിയോടെ വിമാന സര്‍വീസ് സാധാരണ നിലയിലാകും. ഇതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.