Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ പ്രതിപക്ഷ ഐക്യം സഹായിക്കും

റിയാദ്: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ ഏകീകരണം ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ സഹായിക്കുമെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസന്‍ തിരൂര്‍. പത്തു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ സംഭാവന പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുടുംബയോഗങ്ങള്‍ പോലും ദേശീയ രാഷ്ട്രീയം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നുണ്ട്. ഇത് ഇടതുപക്ഷത്തിന്റെ പ്രസക്തിക്കും വിജയത്തിനും പ്രതീക്ഷ നല്‍കുന്നു.

ഫാസിസം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി. ഇനിയുമൊരു തുടര്‍ഭരണം ഫാസിസ്റ്റ് ഭരണകൂടത്തിന് നല്‍കിയാല്‍ രാജ്യം തന്നെ കാണില്ല. പ്രവാസികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്. പ്രവാസി കുടുംബങ്ങളെ ഒന്നടങ്കം ബോധവല്‍ക്കരിക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി നടത്തിയ ലോകസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ഹംസയും കണ്‍വെന്‍ഷനില്‍ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ചര്‍ച്ചയില്ലാതെ പാര്‍ലിമെന്റില്‍ പാസാക്കുന്നത്. അത്തരം ബില്ലുകള്‍ക്കെതിരെ ഒരു വിരല്‍ പോലും അനക്കാന്‍കഴിയാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി കോടതികളെ സമീപിക്കേണ്ട അവസ്ഥയാണ് നിലവില്‍.

കേരള ജനതയുടെയും നാടിന്റെയും ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുത്ത് അയച്ച എംപിമാരില്‍ യുഡിഎഫ് അംഗങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ ഇത്തരം കോടതി വ്യവഹാരങ്ങളിലേക്ക് കേരളത്തിന് പോകേണ്ടി വരില്ലായിരുന്നു. ഇത്തരം തിരിച്ചറിവുകള്‍ കൂടി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണം. പാര്‍ലിമെന്റില്‍ ഒരു കാഴ്ചക്കാരനാകാന്‍വേണ്ടി നമ്മുടെ വോട്ടവകാശം പാഴാകുന്ന അവസ്ഥ ഉണ്ടാവരുത്. നാടിന്റെ നാവായ, പോരാട്ടങ്ങളില്‍ നേതൃപാടവം തെളിയിച്ച ശക്തരായ 20 സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്ന് കെഎസ് ഹംസ അഭ്യര്‍ത്ഥിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രന്‍ കൂട്ടായി, സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്തു. ഫിറോഷ് തയ്യില്‍, ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top