റിയാദ്: മറുന്നുവെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു. കേളി പ്രവര്‍ത്തകര്‍ രണ്ടു മാസം പരിചരിച്ചു വീല്‍ ചെയറില്‍ യാത്ര ചെയ്യാനുളള ആരോഗ്യം വീണ്ടെടുത്തതോടെയാണ് ജിനീഷ് നാട്ടിലേക്ക് മടങ്ങിയത്.
നാലു മാസം മുമ്പാണ് ജിനീഷ് ഹൗസ് ഡ്രൈവര്‍ ജോലിക്ക് എക്‌സിറ്റ് 7ല്‍ എത്തിയത്. സ്‌പോണ്‍സര്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോല്‍ അകത്തുവെച്ചു മറന്നു. ഡ്രൈവറായ ജിനീഷിനോട് രണ്ടാള്‍ പൊക്കമുള്ള മതില്‍ ചാടിക്കടന്ന് താക്കോല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. മതിലില്‍ കയറിയ ജിനീഷ് കാല്‍വഴുതി വീണ് എല്ലിന് പൊട്ടല്‍ സംഭവിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയെങ്കിലും ശസ്ത്രക്രിയ വേണ്ടി വന്നു. സുഹൃത്തുക്കള്‍ വഴി കേളി ബദിയ ഏരിയ പ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്നാണ് പരിചരണവും താമസ സൗകര്യവും ഒരുക്കിയത്. സ്‌പോണ്‌സറുമായി ബന്ധപ്പെട്ട് നാട്ടില്‍ അയക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വീല്‍ചെയര്‍ സൗകര്യത്തോടെയാണ് ജിനീഷിനെ നാട്ടിലെത്തിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.