കേളി സ്‌നേഹ സ്പര്‍ശം; ധാരണാപത്രം കൈമാറി

റിയാദ്: കേളി സ്‌നേഹ സ്പര്‍ശം പദ്ധതി കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിക്ക് തുണയാകുന്നു. ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കുന്നതിന് പാചകക്കാരനുളള ഒരു വര്‍ഷത്തെ ശമ്പളം കേളി നല്‍കും.

ഇതുസംബന്ധിച്ച് കേളി കലാസാംസ്‌കാരിക വേദിയും ആശുപത്രി അധികൃതരും ധാരണാപത്രം കൈമാറി. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രബീഷ് അധ്യക്ഷനായ ചടങ്ങില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് ധാരണാപത്രം കൈമാറി.

കേളിയുടെ സ്‌നേഹസ്പര്‍ശം പദ്ധതിയില്‍ കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുലക്ഷം പൊതിച്ചോര്‍ നല്‍കുന്ന ‘ഹൃദയപൂര്‍വം കേളി’ പദ്ധതിയുടെ ഭാഗമാണ് ധരണാപത്രം. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

പരിപാടിയില്‍ ഡോ. ബിജു, കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. കേളി കേന്ദ്രകമ്മിറ്റി മുന്‍ അംഗം ഹസന്‍ കോയ സ്വാഗതവും ചെക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply