റിയാദ്: വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ വീട്ടമ്മമാര്‍ക്കുള്ള വേതനം നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്. കേളി സംഘടിപ്പിച്ച സര്‍വ്വരാജ്യ തൊഴിലാളി ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയുടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ഈ വര്‍ഷത്തെ മെയ് ദിനം കടന്നു വരുന്നത്. രാജ്യത്തെ തൊഴിലാളി സമൂഹം നാളിതുവരെ നേരിട്ടില്ലാത്തത്ര ദുരിതത്തിലാണ്്. തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി മുതലാളിത്ത അനുകൂല നിലപാടാണ് ഭരണകൂടം നടത്തിവരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇത്തരത്തില്‍ തൊഴിലാളികളെയും സാധാരണക്കാരേയും ബാധിക്കുന്ന വിഷയങ്ങള്‍ മുഖവിലക്കെടുക്കാതെ വര്‍ഗീയ ധ്രുവീകരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് വലതുപക്ഷ കക്ഷികള്‍ പ്രചാരണം നടത്തുന്നതെന്നും അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.
കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളി ദിന അനുസ്മരണം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേനത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ (ബെഫി) അഖിലേന്ത്യ മുന്‍ പ്രസിഡന്റ് എകെ രമേഷ് ഓണ്‍ലൈനില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേന്ദ്രകമ്മറ്റി അംഗവും മീഡിയാ വിങ് ചെയര്‍മാനുമായ പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. സംസ്‌കാരത്തിന്റെ നാളങ്ങള്‍ എന്ന വയലാര്‍ കവിത കേന്ദ്രകമ്മറ്റി അംഗം സതീഷ് കുമാര്‍ ആലപിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.