റിയാദ്: തടവില്‍ കഴിയുന്ന അബ്ദുല്‍ റഹിം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ സ്വീകരണം നല്‍കി. 15 മില്ല്യണ്‍ റിയാല്‍ സമാഹരിക്കാനുളള യജ്ഞത്തിനും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത് അഷ്‌റഫ് വേങ്ങാട്ടാണ്. 18 വര്‍ഷമായി വേങ്ങാട്ടിന്റെ നേതൃത്വത്തില്‍ റിയാദില്‍ രൂപീകരിച്ച നിയമ സഹായ സമിതിയുടെ ആദ്യ കടമ്പയാണ് പണം സ്വരൂപിച്ചതിലൂടെ ലക്ഷ്യം കണ്ടത്.
നിയമ നടപടികളില്‍ ആശാവഹമായ പുരോഗതിയാണുളളത്. ബലിപെരുന്നാളിന് മുമ്പ് റഹീമിനെ ഉമ്മയുടെ അടുത്തെത്തിയ്ക്കാനുളള ശ്രമമാണ് നടക്കുന്നത്. റഹീമിന്റെയും മരിച്ച ബാലന്റെ കുടുംബത്തിന്റെയും അഭിഭാഷകര്‍ ഇതിനായി കഠിന പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റഹിം സഹായ നിധിയിലേയ്ക്ക് കോഴിക്കോടന്‍സ് നേരത്തെ 25 ലക്ഷം രൂപ കൈമാറിയിരുന്നു. നിയമ സഹായ സമിതി പ്രവര്‍ത്തകര്‍ എങ്ങനെ പണം സ്വരൂപിക്കുമെന്ന് പകച്ചു നിന്ന സമയം പ്രവാസി കൂട്ടായ്മകള്‍ക്ക് പ്രചോദനം നല്‍കാന്‍ കോഴിക്കോടന്‍സിന്റെ സംഭാവന സഹായിച്ചെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. ബിരിയാനി ചലഞ്ചിലൂടെ പണം സ്വരൂപിക്കുകയും ഏറ്റവും വലിയ തുക നല്‍കിയ കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയെയും വേങ്ങാട്ട് അഭിനന്ദിച്ചു.
റിയാദിലും കോഴിക്കോടും നിയമ സഹായ സമിതിയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് പ്രതീക്ഷിച്ചതിലും വേഗം ലക്ഷ്യം കണാന്‍ ഇടയാക്കിയത്. മലയാളികളുടെ ഒരുമയുടെ കരുത്താണ് ധനസമാഹരണ യജ്ഞം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.