Sauditimesonline

watches

സംഘടനാ ശാക്തീകരണത്തിന് ‘സ്‌റ്റെപ്’; കെഎംസിസി ക്യാമ്പയിന്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടനാ ശാക്തീകരണ പരിപാടി ‘സ്‌റ്റെപ്’ ത്രൈമാസ ക്യാമ്പൈന്‍ ആരംഭിച്ചു. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍. പ്രഖ്യാപന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് കെഎംസിസി. ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കല കായിക മേഖലകളിലും കെഎംസിസിയുടെ പ്രവര്‍ത്തനം സജീവമാണ്. പ്രവാസികള്‍ക്ക് ഏത് തരത്തിലുള്ള പ്രയാസങ്ങളിലും കെഎംസിസിയുടെ തണലുണ്ടാവുമെന്ന ആത്മധൈര്യം പ്രവാസ സമൂഹത്തിന് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം ആളുകള്‍ കഴിഞ്ഞ കാലങ്ങളില്‍ കെഎംസിസിയിലേക്ക് കടന്നുവന്നിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാടോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ മുസ്‌ലിം ലീഗിന്റെ ആശയ ആദര്‍ശങ്ങള്‍ക്കനുസൃതം പ്രവര്‍ത്തിക്കുവാനാണ് ഇക്കാലമത്രയും കെഎംസിസി ശ്രമിച്ചിട്ടുള്ളതെന്നും അഷ്‌റഫ് വേങ്ങാട്ട് അഭിപ്രായപ്പെട്ടു. ക്യാമ്പയിന്‍ ലോഗോ പ്രകാശനവും അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് വിശദീകരിച്ചു.

ക്യാമ്പയിന്‍ കാലയളവിഫ ജില്ലാ ഘടകങ്ങള്‍, മുപ്പതോളം ഏരിയ കമ്മിറ്റികള്‍, വിവിധ ഉപസമിതികള്‍, പുന സംഘടന നടക്കുവാന്‍ ബാക്കിയുള്ള നിയോജകമണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ എന്നിവ രൂപീകരിക്കും. ക്യാമ്പയിന്‍ സമാപനത്തോടെ ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയും സെന്‍ട്രല്‍ കമ്മിറ്റി രൂപം നല്‍കും. റഹീം മോചന സഹായ ഫണ്ടിലേക്ക് റിയാദ് കെഎംസിസി നല്‍കിയ 75 ലക്ഷം രൂപയടക്കം കമ്മിറ്റയുടെ 6 മാസത്തെ സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ അഷ്‌റഫ് വെള്ളെപ്പാടം അവതരിപ്പിച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, വി ഷാഹിദ് മാസ്റ്റര്‍, മൊയ്തീന്‍ കുട്ടി തെന്നല, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഫറോക്ക്, ജലീല്‍ തിരൂര്‍, അഷ്‌റഫ് കല്പകഞ്ചേരി, മജീദ് പയ്യന്നൂര്‍, പി സി അലി വയനാട്, മാമുക്കോയ തറമ്മല്‍, കബീര്‍ വൈലത്തൂര്‍, സിറാജ് മേടപ്പില്‍, പി സി മജീദ് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top