Sauditimesonline

watches

പൗരത്വ ഭേദഗതി നിയമം: സര്‍ക്കാര്‍ നീക്കം അപലപനീയം

റിയാദ്: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രമേയം. ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

തെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയത് ദുരൂഹമാണ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും നിയമ പോരാട്ടങ്ങളെയും വകവെക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നീക്കം. നിയമം വിവേചനപരവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കുന്ന ഇത്തരം നിയമങ്ങള്‍ ചെറുത്ത് തോല്‍പിക്കണം. മോഡിയും അമിത്ഷയും ചേര്‍ന്ന് രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടത്തിന് സഹായം നല്‍കുവാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫാറൂഖ്, ജലീല്‍ തിരൂര്‍, നാസര്‍ മാങ്കാവ്, റഫീഖ് മഞ്ചേരി, അഡ്വ അനീര്‍ ബാബു, പി സി മജീദ്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, പി സി അലി വയനാട്, നജീബ് നല്ലാംകണ്ടി, കബീര്‍ വൈലത്തൂര്‍, ഷംസു പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top