റിയാദ്: പതിനെട്ടു വര്‍ഷമായി വധശിക്ഷക്ക് വിധേയനായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിന് ദിയാ ധനം സമാഹരിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ദശദിന ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ ഒന്നുമുതല്‍ പത്ത് വരെയാണ് ക്യാമ്പയിന്‍. പത്ത് ദിവസത്തിനുള്ളില്‍ പരമാവധി പണം സ്വരൂപിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങും. കെഎംസിസിയുടെ ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം. ഓരോ ആളുകളെയും സമീപിക്കുന്ന രീതിയിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍.
റഹീമിന്റെ ജീവന്‍ നമ്മുടെ കൈകളിലാണ്. റിയാദിലുള്ള പ്രവാസി എന്ന നിലയില്‍ റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം. പ്രവാസി സമൂഹം കൈകോര്‍ത്ത് നിന്നാല്‍ അതിവേഗം ലക്ഷ്യം കാണാന്‍ സാധിക്കും. വ്യവസായ വാണിജ്യ രംഗത്തുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും സഹായം ഉറപ്പ് വരുത്താന്‍ കഴിയണം. റിയാദില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടനകളും ഈ ദൗത്യത്തില്‍ പങ്കാളികളാവാണെന്നും യോഗം ആഹ്വാനം ചെയ്തു.
ഫിത്വര്‍ സക്കാത്ത് സംഭരണവും വിതരണവും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താര്‍ താമരത്ത്, മജീദ് പയ്യന്നൂര്‍, നാസര്‍ മാങ്കാവ്, ജലീല്‍ തിരൂര്‍, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നല്ലാങ്കണ്ടി, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍, പി സി മജീദ്, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, ഷാഫി സ്വഞ്ചറി, അഷ്‌റഫ് മീപ്പീരി, റാഫി പയ്യാനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാന്‍ ഫറൂഖ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.