
റിയാദ്: കെ.എം.സി.സിയും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നു. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. രണ്ടു വിമാനങ്ങളിലായി 350 യാത്രക്കാര്‍ക്ക് കേരളത്തില്‍ എത്താന്‍ കഴിയും.
കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ചാര്‍ട്ടേഡ് വിമാന സര്‍വീസ് ജൂണ്‍ 5 വെളളി വൈകുന്നേരം 5.30ന് റിയാദില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെടും. എംബസിയില്‍ രജിസ്ര്‍ ചെയ്ത 175 യാത്രക്കാര്‍ക്കാണ് അവസരം. സ്‌പൈസ് ജെറ്റിന്റെ ബി 737 വിമാനമാണ് അക്ബര്‍ ട്രാവത്സിന്റെ സഹകരണത്തോടെ സര്‍വീസ് നടത്തുന്നതെന്ന് കെ എം സി സി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു. ഹൃദ്രോഗം, വൃക്ക, അര്‍ബുദം എന്നിവക്ക് വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയിലുളളത്. 25 കിലോ ബാഗേജും 7 കിലോ ഹാന്‍ഡ് ബാഗേജുമാണ് യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുളളത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യന്‍ എംബസിയിലും സൗദി ഗവണ്‍മെന്റിന്റെ അബ്ഷിര്‍ ഔദയിലും രജിസ്റ്റര്‍ ചെയ്ത നിരവധി മലയാളികളാണ് യാത്രക്ക് അവസരംകാത്ത് കഴിയുന്നത്. ഇതില്‍ ഗര്‍ഭിണികളും രോഗികളുമുണ്ട്. ഇവരെയെല്ലാം നാട്ടിലെത്തിക്കുന്നതിന് വന്ദേ ഭാരത് മിഷന്റെ വിമാന സര്‍വ്വീസുകള്‍ പര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസിനായി ഇടപ്പെടല്‍ നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിമാന സര്‍വ്വീസിന് വേണ്ടി ശ്രമം തുടങ്ങിയിരുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ എംബസി എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിന് അനുമതി ലഭിച്ചത്. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനനങ്ങള്‍ക്കുളള ശ്രമം കെ എം സി സി തുടരുകയാണ്. വൈറസ് ബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ ഭയവും ആശങ്കയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അതേസമയം, കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണെന്ന് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ യൂനുസ് പടുങ്ങല്‍ അറിയിച്ചു.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും റിയാദില്‍ നിന്ന് ജൂണ്‍ 7ന് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ റിപാട്രിയേഷന്‍ സെല്‍ അണ്ടര്‍ സെക്രട്ടറി റിഷി പാലിന്റെ കത്ത് യുഎന്‍എ പുറത്തുവിട്ടു. റിയാദില്‍ നിന്ന് ഉച്ചക്ക് 1.40ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 177 യാത്രക്കാര്‍ക്കു പുറമെ 11 ശിശുക്കള്‍ക്കും യാത്ര ചെയ്യാന്‍ കഴിയും. സ്‌പൈസ് ജെറ്റാണ് സര്‍വീസ് നടത്തുന്നത്. ജിദ്ദ കൊച്ചി, ദമ്മാം കൊച്ചി സര്‍വീസ് നടത്തുമെന്നും യു എന്‍ എ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ ജൂണ്‍ 10 മുതല്‍ 16 വരെ മിഷന്‍ വന്ദേ ഭാരത് മിഷന്റെ 20 വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണം കേരളത്തിലേക്കാണ്. ജൂണ്‍ 10ന് റിയാദ്-കോഴിക്കോട്, ദമാം-കണ്ണൂര്‍, ജിദ്ദ-കൊച്ചി സര്‍വീസ് നടക്കും. 11ന് റിയാദ്-കണ്ണൂര്‍, ജിദ്ദ-കോഴിക്കോട് സര്‍വീസും 12ന് ജിദ്ദ-തിരുവനന്തപുരം, റിയാദ്-തിരുവനന്തപുരം, ദമ്മാം-കോഴിക്കോട് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. 14ന് റിയാദ്-കൊച്ചി, ദമ്മാം-തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ഇന്ത്യയിലേക്കുളള സര്‍വീസുകളില്‍ 50 ശതമാനവും കേരള സെക്ടറിലേക്കാണ്. എങ്കിലും ഇത് അപര്യാപ്താണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും വന്ദേ ഭാരത് മിഷന്‍ സര്‍വീസുകളും വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
