
റിയാദ്: കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സൗദി പൗരന്മാര് നാട്ടിലേക്ക് മടങ്ങി വരണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശങ്ങളില്‍ സൗദി പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും എംബസികള്‍ ഒരുക്കിയിട്ടുണ്ട്. 122 രാജ്യങ്ങളില്‍ നിന്നായി 85,000 സൗദി പൗരന്‍മാരാണ് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍സ് ആന്റ് മീഡിയാ സെന്റര്‍ ഡയറക്ടര്‍ അഹമദ് അല്‍ തുവയാന്‍ പറഞ്ഞു.
വിദേശത്തുളള സൗദി പൗരന്മാര് നാട്ടിലേക്ക് മടങ്ങണോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം. ഓരോ രാജ്യത്തെയും സൗദി എംബസികള്‍ പൗരന്മാര്‍ക്ക് ആവശ്യമായ പരിരക്ഷ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പൗരന്‍മാരെയും തിരികെ കൊണ്ടുവരുമെന്നും അല്‍തുവയാന്‍ പറഞ്ഞു.
ചില രാജ്യങ്ങളിലെ വിദൂര സ്ഥലങ്ങളില്‍ കഴിയുന്ന പൗരന്‍മാരെ ഒരു പട്ടണത്തിലെത്തിക്കും. അവിടെ നിന്ന് ഏറ്റവും അടുത്ത എയര്‍പോര്‍ട്ടിലെത്തിച്ച് സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ് മടക്കയാത്ര ഒരുക്കുന്നത്. എംബസികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു പൗരന്മാരെ മടക്കി കൊണ്ടുവരുന്നതിന് ശ്രമം തുടരുകയാണ്. ഇതിനായി നോണ്‍ റസിഡന്റ് അംബാസഡര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
