
റിയാദ് : പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കണമെന്ന് സൗദി കെഎംസിസി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോവിഡ് വാക്‌സിഷേന്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ കൊടുത്ത തിയതി, ബാച്ച് നമ്പര്‍, വാക്‌സിന്റെ പേര് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്നത് ശുഭ വാര്‍ത്തയാണ്. ഇതുമായി ബന്ധപ്പെട്ട് കെഎംസിസി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നോര്‍ക്ക സി ഇ ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കോവിന്‍, ഇ ഹെല്‍ത്ത് പോര്‍ട്ടലുകള്‍ ലിങ്ക് ചെയ്യണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായാല്‍ മാത്രമേ പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരുകയുള്ളൂ.
ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പ്രവാസികളുടെ ഡാറ്റ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കോവിന്‍ പോര്‍ട്ടലിലും രണ്ടാമത്തെ ഡോസ് എടുത്ത ഡാറ്റ കേരള ആരോഗ്യ വകുപ്പിന്റെ പോര്‍ട്ടലായ ഇ ഹെല്‍ത്ത് പോര്‍ട്ടലിലുമാണുമുള്ളത്. രണ്ട് ഡോസും ചെയ്തുവെന്ന ഒറ്റ സര്‍ട്ടിഫിക്കറ്റാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ഇ സര്‍വീസ് സൈറ്റില്‍ അപേ്‌ലോഡ് ചെയ്യേണ്ടത്. ഇതുപ്രകാരമാണ് മുകീം, തവക്കല്‍ന പോര്‍ട്ടലുകളില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുക.
ഇപ്പോള്‍ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്നും കോവിന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നു ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണെന്നും പറയുന്നുണ്ട് . സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പറയുന്നത്. ഇത് രണ്ട് ഡോസുകളും ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റ് ആകുമോ എന്നതാണ് ആശങ്ക. ഇങ്ങിനെ കോവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ കേരള ഹെല്‍ത്ത് പോര്‍ട്ടലില്‍ നല്‍കിയാല്‍ ഇരു ഡോസുകളുടെയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസുകളില്ലാത്ത സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ വഴിയാണ് പ്രവാസികള്‍ സഊദിയിലേക്ക് യാത്ര തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ സമ്മര്‍ദ്ദത്തിലായ പ്രവാസികളുടെ ആശങ്ക പൂര്‍ണ്ണമായി ദുരീകരിക്കണമെന്നും സഊദി കെഎംസിസി നേതാക്കളായ കെപി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട് , കാദര്‍ ചെങ്കള , കുഞ്ഞിമോന്‍ കാക്കിയ, ഇബ്രാഹിം മുഹമ്മദ് എന്നിവര്‍ ആവശ്യപെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
