നിഖില സമീർ

തൊട്ട് തലോടിയിട്ടില്ലെന്നു
കേഴും പൊടിപേറും
പുസ്തക കുഞ്ഞുങ്ങൾ !
തുടങ്ങിയ വായന
പൂർത്തിയായിട്ടില്ലെന്നു
എണ്ണം ഒടുങ്ങാത്ത
പുസ്തകനിരകൾ
നിറയുമലമാര !
വരികൾക്കിടയിൽ
വായിച്ചില്ലെന്നു
വായിച്ചു തീർത്തടച്ച
പുസ്തകങ്ങൾ !
ആത്മാവറിഞ്ഞു
വായിച്ചില്ലെന്നു
ആവർത്തിച്ച്
വായിച്ചു വെച്ച
പുസ്തകങ്ങൾ !
ബോധപൂർവ്വമുള്ള
വായന ഉൾക്കാമ്പിനെ
ആസ്വദിക്കുവാൻ
ഉതകുമെന്ന്
ജ്ഞാനികൾ !
അവനവനെയും
ചുറ്റുമുള്ള പ്രകൃതിയെയും
ദിനേന വായിക്കണമെന്നു
കുഞ്ഞുണ്ണി മാഷ് .
നിന്നെ സൃഷ്ടിച്ച നാഥന്റെ
നാമത്തിൽ വയിക്കുവീൻ
എന്ന് പ്രപഞ്ചനാഥൻ .
തൊട്ടു തലോടി പോലും
നോക്കാത്ത പുസ്തകാലമാര
അലങ്കരിച്ചു
സാമൂഹിക
മാധ്യമത്തിലൊരു പോസ്റ്റ്.
ലൈകും കമെന്റും
ആയിരത്തിലെത്തിയോന്ന്
ഇടയ്ക്കിടെ തുറന്ന് നോട്ടം !
അടുത്ത വായനാ ദിനത്തിലെ
വൈറൽ പോസ്റ്റും സ്വപ്നം
കണ്ടൊരു സുഖ സുഷുപ്തി !
ശാന്തം ,സൗമ്യം വായനദിനം.
.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
