ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി ദമ്പതികളെ സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലെ കിഴക്കന്‍ മേഖലാ ലേബര്‍ ഓഫീസ് ആദരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരെയാണ് ആദരിച്ചത്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ ഇരുവരെയും അഭിനന്ദിക്കുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ദമ്മാം ലേബര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ മുഖ്ബില്‍ ആണ് മഞ്ജുവിനും മണിക്കുട്ടനും തൊഴില്‍വകുപ്പിന്റെ പ്രശംസാ ഫലകം സമ്മാനിച്ചത്. ലേബര്‍ ഓഫിസ് ഡയറക്ടര്‍ ഉമൈര്‍ അല്‍ സഹ്‌റാനി ഉള്‍പ്പെടെ ഒട്ടേറെ സൗദി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി തൊഴിലാളി സമൂഹത്തിന്, സൗദി അധികാരികളുമായി ഒത്തൊരുമിച്ചു നടത്തിയ സാമൂഹിക സേവനങ്ങള്‍ക്കാണ് ആദരവ്. തൊഴില്‍, വിസ തര്‍ക്കങ്ങളില്‍ നിയമകുരുക്കിലകപ്പെടുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള സഹായം ചെയ്തു കൊടുക്കുകയും ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും മഞ്ജുവും, മണിക്കുട്ടനും നടത്തിയ പരിശ്രമങ്ങള്‍ക്ക് സൗദി അധികൃതര്‍ പിന്തുണ നല്‍കിയിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗം, ഇന്ത്യന്‍ എംബസ്സി, സൗദി അധികൃതര്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ദുരിതത്തിലായ പ്രവാസികള്‍ക്ക് മഞ്ജുവും മണിക്കുട്ടനും സഹായം നല്‍കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.