
റിയാദ്: വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ വെലി തവണകളായി അടക്കാന്‍ അവസരം നല്‍കുന്നത് പരിഗണനയില്‍. മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആശ്രിത വിസയിലുളള ഒരംഗത്തിന് വര്‍ഷം 4800 റിയാലാണ് ലെവി അടക്കേണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുളള കുടുംബത്തിന് വര്‍ഷം ലെവി മാത്രം 14800 റിയാല്‍ അടക്കണം. ഇതിന് പുറമെ താമസാനുമതി രേഖയായ ഇഖാമ ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ വേറെയും ആവശ്യമാണ്. ഇഖാമ പുതുക്കുന്ന വേളയില്‍ ഭീമമായ സംഖ്യയാണ് വിദേശികള്‍ കണ്ടെത്തേണ്ടത്. ഇതിന് പരിഹാരം കണ്ടെത്താനാണ് തവണകളായി ലെവി അടക്കാന്‍ അനുമതി നല്‍കുന്നത് പരിഗണിക്കുന്നത്. മൂന്നോ, നാലോ തവണകളായി ലെവി അടക്കാന്‍ സൗകര്യം ഒരുക്കാനാണ് ആലോചിക്കുന്നതെന്ന് മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹാനി അല്‍ മുഅ്ജല്‍ പറഞ്ഞു.

മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ലെവി തവണകളായി അടക്കാന്‍ അവസരം നല്‍കുന്നത്. അതിനിടെ, വിദേശി കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
