റീട്ടെയില്‍ ഫോറത്തില്‍ ലുലുവിന് ഇരട്ട പുരസ്‌കാരം; സൗദിയില്‍ 100 ശാഖകള്‍ ലക്ഷ്യത്തിലേക്ക്

റിയാദ്: സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വികസനക്കുതിപ്പിന് അംഗീകരം. സൗദി റീട്ടെയില്‍ ഫോറത്തില്‍ രണ്ടു അംഗീകാരങ്ങളാണ് ലുലു നേടിയത്. അതിനിടെ സൗദിയിലെ ലുലു ശാഖകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തുമെന്ന സിഎംഡി എംഎ യൂസഫലിയുടെ പ്രഖ്യാപനം അതിവേഗം ലക്ഷ്യം കാണുമെന്ന് സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിനെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച റീട്ടെയില്‍ സ്ഥാപനം എന്ന നിലയിലാണ് അംഗീകാരം. ഫുഡ് ആന്റ് ഗ്രോസറി രംഗം ആധുനികവല്‍ക്കരിച്ചതിനാണ് രണ്ടാമത്തെ പുരസ്‌കാരം.

റീട്ടെയില്‍ വിപണന രംഗത്ത് വലിയ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ സൗദിയിലെ ലുലുവിന് കഴിഞ്ഞു. പുതിയ ട്രെന്റിനും മാറ്റത്തിനുമുള്ള അവസരങ്ങളാണ് ലുലു തുറന്നിട്ടുള്ളത്. 2024ലെ ബിസിനസിന്റെ മുഖം പുതിയ കാലത്തിനനുസൃതമായി രൂപപ്പെടുത്തും. ഭാവിസാധ്യത പ്രയോജനപ്പെടുത്തുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണെന്ന് റീട്ടെയില്‍ ഫോറത്തില്‍ സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വര്‍ഷം സൗദിയുടെ ക്രമാനുഗത വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് രാജ്യത്തിന്റെ പരിവര്‍ത്തനത്തിനും വികാസത്തിനും പങ്കാളിയെന്ന നിലയിലാണ് നില്‍ക്കുന്നത്. സൗദിയിലെ വന്‍നഗരങ്ങളിലെന്ന പോലെ ചെറുനഗരങ്ങളിലും അറുപത് ഔട്ട്‌ലെറ്റുകള്‍ ഉയര്‍ന്നുവന്നു. കോസ്‌മോപോളിറ്റന്‍ ജീവിതശൈലിയുടെ ഉദാത്തപ്രതീകങ്ങളായ, വളര്‍ന്നു വരുന്ന ചെറു നഗരങ്ങളിലും ലുലു സാന്നിധ്യമുണ്ട്. നിയോം, അറാംകോ, സൗദി നാഷനല്‍ ഗാര്‍ഡ് എന്നിവിടങ്ങളിലെ ലുലു ശാഖകള്‍ വിജയകരമാണ്. നിക്ഷേപരംഗത്ത് പങ്കാളിത്തം ഉറപ്പ് വരുത്തുന്നത്തിന്റെ ഭാഗമായി പ്രശസ്തമായ നാല് കമ്പനികളുമായി ലുലു കരാര്‍ ഒപ്പ് വെച്ചു. സിനോമി സെന്റര്‍ സി. ഇ. ഒ മിസ്. അലിസണ്‍ റഹീല്‍, ഫഹദ് അല്‍ മുഖ്ബല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് ഫഹദ് മുഹമ്മദ് അല്‍ മുഖ്ബില്‍, ബില്‍ഡിംഗ് ബേസ് കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് അല്‍ അജ്മി, പ്ലേ സിനിമാ സി. ഇ. ഒ ഖാലിദ് അല്‍ ജാഫര്‍ എന്നിവരുമായാണ് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ഒപ്പ് വെച്ചത്.

സൗദിയുടെ വന്‍വികസനത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും കാഴ്ചപ്പാടുമാണ് സൗദി റീട്ടെയില്‍ ഫോറത്തില്‍ അവതരിപ്പിച്ചത്. വിദഗ്ധരായ യുവതീയുവാക്കളെ തൊഴില്‍ മേഖലയില്‍ പരിശീലിപ്പിക്കുന്നു. സൗദിയിലെ ഭാവനാശാലികളായ പുതിയ തലമുറയെ വിശ്വാസത്തിലെടുത്താണ് മുന്നേറ്റം. ലുലുവിന്റെ ചരിത്രത്തിലെ വിസ്മയകരമായ വിജയക്കുതിപ്പായിരിക്കും മുപ്പത് സൗദി നഗരങ്ങളില്‍ കൂടി ലുലു ശാഖകള്‍ പുതുതായി ഉടന്‍ തുറക്കുമെന്നും ഷഹീം മുഹമ്മദ് പറഞ്ഞു.

Leave a Reply