മോഹന വാഗ്ദനം: വഞ്ചിതരായ മലയാളികള്‍ മടങ്ങി

റിയാദ്: റിക്രൂട്ടിങ് ഏജന്‍സികളുടെ തട്ടിപ്പിനിരയായി സൗദിയിലെത്തിയ 11 മലയാളികള്‍ ഉള്‍പ്പെടെ 12 പേരെ കേളി കലാസാംസ്‌കാരിക വേദി എംബസ്സിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. അഞ്ചു മാസം മുമ്പ് 1.4 ലക്ഷം രൂപാ ഏജന്‍സിക്ക് നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ നിന്നു 11ഉം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു നാല്‍പത് പേരും അല്‍ ഹയലിലെ ലേബര്‍ റിക്രൂട്ടിങ് ഏജന്‍സി എത്തിച്ചത്. മിനിമം ശമ്പളം 1500, ഓവര്‍ ടൈം, കമ്മീഷന്‍, താമസം, ഭക്ഷണം തുടങ്ങിയവ വാഗ്ദാനം നല്‍കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സും ഇക്കാമയും കമ്പനി എടുത്തു നല്‍കുമെന്നും അറിയിച്ചിരുന്നു. ഡ്രൈവര്‍ തസ്തികയിലെത്തിയ ഇവര്‍ ലേബര്‍ വിസയിലാണ് കരാര്‍ ഒപ്പു വെപ്പുവെച്ചിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ സൗദിയില്‍ എത്തിയാല്‍ പുതിയ എഗ്രിമെന്റ് നല്‍കുമെന്നും അതില്‍ ഡ്രൈവര്‍ ആയിരിക്കുമെന്നും ഏജന്‍സി ഉറപ്പ് നല്‍കി.

എന്നാല്‍ ആദ്യ മാസം ജോലി നല്‍കിയില്ലെന്ന് മാത്രമല്ല ഭക്ഷണവും കുടിവെള്ളവും നല്‍കിയില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. നാട്ടില്‍ നിന്നു പണം വരുത്തിയാണ് ആദ്യ രണ്ട് മാസം നിത്യ ചിലവുകള്‍ നടത്തിയത്.

ഒരു മാസത്തിനുശേഷം ഇക്കാമ നല്‍കിയെങ്കിലും പ്രൊഫഷന്‍ ക്ലീനിംഗ് തൊഴിലാളി കളുടേതായിരുന്നു. ഇത് നാട്ടിലെ റിക്രൂട്ടിംഗ് ഏജന്‍സിയെ അറിയിച്ചപ്പോള്‍ അത് താല്‍ക്കാലിക ഇക്കാമയാണെന്നും ലൈസന്‍സ് എടുത്തതിന് ശേഷം പ്രൊഫഷന്‍ മാറ്റി പുതിയ ഇക്കാമ നല്‍കുമെന്നും അറിയിച്ചു. ഒരുമാസത്തിനു ശേഷം ലൈസന്‍സ് നടപടികള്‍ക്കായി റഫയിലേക്ക് തൊഴിലാളികളെ മാറ്റി. അവിടെ താമസിക്കാന്‍ ഒരു മുറി മാത്രമാണ് നല്‍കിയത്. എങ്കിലും ലൈസന്‍സ് എടുത്തു നല്‍കി. പക്ഷെ ഏജന്‍സി പറഞ്ഞതുപോലെ പ്രൊഫഷന്‍ മാറ്റുകയോ പുതിയ ഇക്കാമ നല്‍കുകയോ ചെയ്തില്ല.

ലൈസന്‍സ് കിട്ടിയിട്ടും ജോലി നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഇതിനിടെ ഇതേ പ്രൊഫഷനില്‍ ജോലി ചെയ്യവേ മറ്റൊരു തൊഴിലാളി തൊഴില്‍ വകുപ്പിന്റെ റെയ്ഡില്‍ കസ്റ്റഡിയിലായി. ഇക്കാമയില്‍ കാണിച്ച തൊഴില്‍ അല്ല ചെയ്യുന്നതെന്ന് കണ്ടായിരുന്നു നടപടി. പ്രൊഫഷന്‍ മാറാതെ ജോലി ചെയ്യുന്നത് നിയമ ലംഘനമാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളികള്‍ കമ്പനിയോട് പ്രൊഫഷന്‍ മാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. മാത്രവുമല്ല മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശമ്പളം 900 റിയാല്‍ മാത്രം നല്‍കുകയും ചെയ്തു.

മൂന്നു മാസം കഴിഞ്ഞിട്ടും ജോലി നല്‍കാതായപ്പോള്‍ കമ്പനി അധികൃതരോട് തുടരാനാവില്ലെന്നും ജോലിയില്ലെങ്കില്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നല്‍കിയ 12 പേരെയും ജോലിക്കെന്ന് പറഞ്ഞ് റിയാദിലെ ക്യാമ്പില്‍ എത്തിച്ചു. തുടര്‍ച്ചയായി നാല് ദിവസത്തേക്ക് ആരും തിരിഞ്ഞു നോക്കിയില്ല.

വഞ്ചിക്കപെട്ടെന്നു മനസ്സിലാക്കിയ തൊഴിലാളികള്‍ നാട്ടിലെ ഏജന്‍സിയെ വിവരമറിയിച്ചെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ വഴി കേളി കലാസാംസ്‌കാരിക വേദിയുമായി ബന്ധപ്പെടുകയും ഇന്ത്യന്‍ എമ്പസിക്ക് പരാതിയും നല്‍കി. എംബസ്സി വിഷയത്തില്‍ ഇടപെട്ടതോടെ കമ്പനി പ്രതികാര നടപടികള്‍ക്ക് മുതിര്‍ന്നു. താമസ കേന്ദ്രത്തില്‍ നിന്നു പുറത്താകുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടിലെ ഏജന്‍സി പ്രതിനിധിയെ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിക്കണമെന്ന് എംമ്പസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി അറ്റാഷെ മീനാ ഭഗവാന്‍, ഫസ്റ്റ് സെക്രട്ടറി മോയിന്‍ അക്തര്‍, ഉദ്യോഗസ്ഥനായ ഹരി എന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ കമ്പനി വഴങ്ങി.

ഇതിനിടെ ഭക്ഷണത്തിനും കുടിവെള്ളത്തിനും ബുദ്ധിമുട്ടിയ തൊഴിലാളികള്‍ക്ക് കേളി പ്രവര്‍ത്തകര്‍ രണ്ട് മാസം മുഴുവന്‍ സൗകര്യവും ഒരുക്കി. കേളി സുലൈ ഏരിയ കമ്മറ്റി പ്രവര്‍ത്തകരോടൊപ്പം സുമേഷിയിലെ മക്ക സ്‌റ്റോര്‍, പെര്‍ഫക്ട് ഫാമിലി റെസ്‌റ്റോറന്റ് എന്നിവര്‍ ഇവര്‍ക്ക് സഹായം നല്‍കി.

എക്‌സിറ്റ് നല്‍കുന്നതിന് പകരം അവധി നല്‍കിയാണ് കമ്പനി ഒത്തുതീര്‍പ്പാക്കിയത്. കൂട്ടത്തോടെയുള്ള എക്‌സിറ്റ് കമ്പനിക്ക് പുതിയ വിസ എടുക്കുന്നതിനെ ബാധിക്കുമെന്നും ഏജന്‍സികളാണ് തൊഴിലാളികള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയതെന്നും കമ്പനി എംബസ്സിയെ ബോധ്യ പെടുത്തി. മലപ്പുറം തിരൂരിലെയും എറണാകുളം അങ്കമാലിയിലെയും ട്രാവല്‍ ഏജന്‍സികളാണ് കബളിപ്പിക്കപ്പെട്ട മലയാളികള്‍ക്ക് വിസ നല്‍കിയത്. കേളി സുലൈ ഏരിയ ജീവകാരുണ്യ വിഭാഗം ഇടപെടലാണ് ഇവര്‍ക്ക് സഹായമായത്.

Leave a Reply