Sauditimesonline

watches

റിയാദ് ഫാല്‍ക്കന്‍ മേളയില്‍ ക്ലാസെടുക്കാന്‍ മലയാളി ഗവേഷകന്‍

റിയാദ്: അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ശാസ്ത്രീയ അറിവുകള്‍ പകരാന്‍ മലയാളി അധ്യാപകന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ഫാല്‍ക്കന്‍ ശാസ്ത്രജ്ഞനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ ആണ് റിയാദ് മല്‍ഹമില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ക്ലാസുകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 14 വരെ നടക്കുന്ന ഫാല്‍ക്കന്‍ മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്‌കൂള്‍, കോളെജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പെിതുജനങ്ങള്‍ക്കും ഫാല്‍ക്കനുകളെ പരിചയപ്പെടുത്തും. ഫാല്‍ക്കനെ കുറിച്ചുള്ള പൊതു കാര്യം, ബ്രീഡിംഗ്, ഫീഡിംഗ്, പാരമ്പര്യവും ആധുനിക പരിശീലനവും എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് ഫാല്‍ക്കണുകളെ പരിചയപ്പെടുത്തുന്നത്.

അറബി വേഷ വിധാനത്തില്‍ അറബി ഭാഷയിലാണ് ഫാല്‍ക്കന്‍ ചരിത്രവും സ്വഭാവ സവിശേഷതകളും ഡോ. സുബൈര്‍ വിശദീകരിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളും യുവാക്കളും ഏറെ താത്പര്യത്തോടെയാണ് ക്ലാസിലും സംശയ നിവാരണത്തിലും പങ്കെടുക്കുന്നത്. സൗിദി ഫാല്‍ക്കന്‍ ക്ലബ്ബിന്റെ അതിഥിയായാണ് അദ്ദേഹം റിയാദിലെത്തിയത്.

ലോകത്തുളള 40 ഇനം ഫാല്‍ക്കനുകളില്‍ പത്തിനം സൗദിയിലാണ്. ലോകത്തെ ഫാല്‍ക്കന്‍ വേട്ടക്കാരില്‍ അമ്പത് ശതമാനവും സൗദി അറേബ്യയിലാണ്. പ്രത്യേക കാഴ്ചക്ക് സാധ്യമാകുന്ന കണ്ണിന്റെ ഘടയാണ് ഫാല്‍ക്കണിന്റെ പ്രത്യേകത. 13 മുതല്‍ 25 വര്‍ഷം ജീവിക്കുന്ന ഫാല്‍ക്കന്‍ വര്‍ഷം മൂന്നോ നാലോ മുട്ടകള്‍ മാത്രമാണിടുക. മൂക്കില്‍ പ്രത്യേക സൂചി രൂപത്തിലുള്ള ഭാഗമുണ്ട്. ഇതാണ് അവയെ വേഗത്തില്‍ പറക്കാന്‍ പ്രാപ്തമാക്കുന്നത്. ഇന്ത്യയില്‍ കാണുന്ന പെരിഗ്രീന്‍ ഫാല്‍ക്കന്‍ മണിക്കൂറില്‍ 390 കിലോമീറ്റര്‍ സഞ്ചരിക്കും. വിറ്റുപോകുന്നത് സഖര്‍ ഫാല്‍ക്കനുകളാണ്. സൗദികള്‍ക്ക് ഏറ്റവും ഇഷ്ടവും ഇതാണ്. ജീര്‍ ഫാല്‍ക്കനാണ് വലുപ്പവും വിലക്കൂടുതലും. ഇന്ത്യയില്‍ കാണപ്പെടുന്ന ഷാഹീന്‍ ഫാല്‍ക്കന്‍ വേട്ടക്കും വേഗതക്കും പേരുകേട്ടതാണ്.

യുഎഇ ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗമായ ഡോ. സുബൈര്‍ തിരൂര്‍ സ്വദേശിയാണ്. 47 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം 27 വര്‍ഷമായി ഫാല്‍ക്കന്‍ പഠനത്തില്‍ ഗവേഷകനാണ്. 2004 ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും നേടി.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top