റിയാദ്: തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് റിയാദില്‍ നിന്ന് അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് രാവിലെ സംസ്‌കരം നടത്താന്‍ തീരുമാനിച്ചിരുന്ന കൊല്ലം കൊട്ടാരം പുറേെപാക്കില്‍ സുധീര്‍ അബൂക്കറിന്റെ(44) മൃതദേഹമാണ് കുടുങ്ങിയത്.
എയര്‍ ഇന്ത്യയുടെ അനാസ്ഥയും മൃതദേഹത്തോടുളള അനാദരവുമാണ് മൃതദേഹം മുംബയില്‍ കുടുങ്ങാന്‍ ഇടയാക്കിയതെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
ഏപ്രില്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ഷുമൈസി ആശുപത്രിയിലായിരുന്നു സുധീറിന്റെ മരണം. അതിവേഗം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകീട്ട് 7.40ന് റിയാദില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെട്ട എഐ 922 വിമാനത്തിലാണ് മൃതദേഹം അയച്ചത്. ഇന്ന് രാവിലെ 5.45ന് പുറപ്പെടുന്ന മുംബൈ-തിരുവനന്തപുരം എഐ 657 കണക്ഷന്‍ ഫ്‌ളൈറ്റില്‍ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു കാര്‍ഗോ ബുക്ക് ചെയ്തത്.
മൃതദേഹത്തെ സഹോദരന്‍ സുബൈര്‍ അബൂബക്കര്‍ അനുഗമിച്ചിരുന്നു. തിരുവനന്തപുരത്തേയ്ക്കുളള വിമാനത്തില്‍ മൃതദേഹം കയറ്റിയെന്ന് ഉറപ്പുവരുത്താന്‍ സഹോദരന്‍ മുംബൈ എയര്‍ ഇന്ത്യാ ഓഫീസില്‍ അന്വേഷണം നടത്തി. എന്നാല്‍ മൃതദേഹം അടങ്ങിയ കാര്‍ഗോ നിശ്ചിത വിമാനത്തില്‍ എത്തുമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
റിയാദില്‍ നിന്ന് മൃതദേഹം പുലര്‍ച്ചെ 2.20ന് മുംബൈയില്‍ എത്തിയെങ്കിലും 7.40ന് തിരുവനന്തപുരത്തേയ്ക്കുളള വിമാനത്തില്‍ മൃതദേഹം കയറ്റാന്‍ എയര്‍ ഇന്ത്യ കാണിച്ച അനാസ്ഥയാണ് കുടുംബത്തിന് ഇരുട്ടടിയായത്. സംസ്‌കാര ചടങ്ങുകള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ബന്ധുമിത്രാധികള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയും ചെയ്തിരുന്നു. ഇന്നു രാത്രി മൃതദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. നാളെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എയര്‍ ഇന്ത്യയുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം പരാതി നല്‍കുമെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.