Sauditimesonline

watches

ദൈവത്തിന്റെ സ്വന്തം നാട്; ലഹരിയുടെയും

അബ്ദുള്‍കലാം ആലംകോട്

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച് കേരളം എല്ലാ മേഖലകളിലൂം ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ വിപണിയില്‍ കേരളത്തില്‍ നിന്നുളള തൊഴിലാളികള്‍ക്ക് മികച്ച അവസരമാണുളളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നു നേരിട്ട് റിക്രൂട്‌മെന്റ് നടത്താന്‍ പല കമ്പനികളും വിമുഖത കാണിക്കുന്നു. രണ്ടോ മൂന്നോ മാസത്തെ പ്രേബേഷന്‍ കാലയളവില്‍ ജോലി ചെയ്യാനുള്ള കഴിവ്, ഗുണ ദോഷങ്ങള്‍ എല്ലാം മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഓരോ കമ്പനിയും തൊഴിലാളികളെ നിയമിക്കുകയുളളൂ. അതില്‍ പ്രധാനമാണ് തൊഴിലാളികള്‍ ലഹരി വസ്തുക്കളിലൂം ഓണ്‍ലൈന്‍ ഗെയിമിലും ഓണ്‍ലൈന്‍ ചൂതാട്ടത്തിലും അടിമകളാണോ എന്ന നിരീക്ഷണം. ഡിഗ്രി സര്‍ട്ടിഫിക്കറ്റു മാത്രം നോക്കി തൊഴിലാളികളെ നിയമിച്ചാല്‍ അക്കാദമിക് മികവ് പലര്‍ക്കും ജോലിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് ഗള്‍ഫിലെ പല പ്രമുഖ കമ്പനികളിലെയും എച്ച് ആര്‍ വകുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

യുവാക്കളില്‍ 80 ശതമാനവും ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഗെയിം, റമ്മി തുടങ്ങിയ പണം വെച്ചുള്ള കളികളുടെയും ഇതര സോഷ്യല്‍ മീഡിയകളിലുമായി സമയം പാഴാക്കുന്നവരാണ്. അതുകൊണ്ടുതന്നെ മതിയായ ഉറക്കമോ, വിശ്രമമോ, വ്യായാമമോ ഇല്ലാതെ നിര്‍ജ്ജീവമായ അവസ്ഥയില്‍ യുവാക്കള്‍ എത്തപ്പെടുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. അത്തരക്കാരെ ജോലിയില്‍ നിയമിച്ചാല്‍ ഊര്‍ജ്ജ സ്വലതയോടെ കൃത്യനിര്‍വഹണത്തിന് കഴിയില്ല.

ദിവസവും പത്ര, ദൃശ്യ മാധ്യമങ്ങളില്‍ കണ്ടുവരുന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നതാണ്. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ മധ്യ വയസ്‌കര്‍, പെണ്‍കുട്ടികള്‍ വരെ ലഹരിയുടെ പിടിയിലാണ്. എന്താണ് ലഹരിയെന്നും യുവത ഇതിന് അടിമപ്പെടുന്നതെന്ത്‌കൊണ്ടെന്നും ലഹരിയില്‍ നിന്നുളള മോചനം എങ്ങനെ സാധ്യമാകുമെന്നും ഗൗരവമായി പരിശോധിക്കണം.

എന്താണ് ലഹരി?
ഒരു പദാര്‍ത്ഥത്തോടോ, പ്രത്യക തരത്തിലുള്ള വസ്തുക്കളോടോ, ഒരു പ്രത്യാക സാഹചര്യത്തില്‍ മനുഷ്യന് തോന്നുന്ന അടിമത്വത്തിനാണ് ലഹരി എന്ന് പറയുന്നത്. ചായ, ബീഡി, ഹാന്‍സ്, കഞ്ചാവ്, കള്ള്, ബ്രൗണ്‍ ഷുഗര്‍, എം ഡി എ എം, ഇന്ററ്‌നെറ്റ്, മൊബൈല്‍ എന്നിവക്ക് അമിതമായ ആസക്തി പ്രകടിക്കുന്ന അവസ്ഥയാണ് ലഹരി.

ഇത് ഏതൊക്കെ തരത്തില്‍ സംഭവിക്കാം?

  1. അനുകരണം: ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ എന്തിനെയും അനുകരിക്കുക സ്വാഭാവികമാണ്. വീട്ടില്‍ നിന്നും ചുറ്റുപാടില്‍ നിന്നും അനുകരണം ആരംഭിക്കുന്നു. മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ബീഡിവലി, പുകയില മുറുക്ക്, ഹാന്‍സ്, ഹുഡ്ക്ക എന്നിവ കുരുന്നുകളുടെ സാന്നിധ്യത്തില്‍ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി അത് അനുകരിക്കാന്‍ കുരുന്നുകള്‍ക്ക് പ്രചോദനമാകും. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ലഹരി ഉപയോഗം ആദ്യം ഉപേക്ഷിക്കണം.
  2. മാധ്യമങ്ങളുടെ സ്വാധീനം: മനുഷ്യരുടെ വികാരങ്ങളാണ് ദുഃഖങ്ങളും സന്തോഷങ്ങളും. ഇത്തരം സന്ദനഭം ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് ലഹരിയുടെ അകമ്പടിയോടെയാണ്. ആഘോഷമായാലും ഇതാണ് സ്ഥിതി. ഇതു കാണുന്ന കുഞ്ഞുങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇത് ഉപയോഗിച്ച് നോക്കുന്നു. ലഹരിയുടെ പരസ്യത്തില്‍ യുവാക്കളുടെ ഇഷ്ട നടനോ, നടിയോ അഭിനയിക്കുമ്പോഴും കുഞ്ഞുങ്ങള്‍ അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. അടുത്ത കാലത്ത് ഇറങ്ങിയ സിനിമയില്‍ കഞ്ചാവിനെ മഹത് വത്കരിക്കുന്നതും അതിന് ശേഷം കഞ്ചാവിന്റെ ഉപയോഗം യുവാക്കളില്‍ വര്‍ധിക്കുകയും ചെയ്‌തെന്ന് ഒരു ഡോക്ടര്‍ സാക്ഷ്യപെടുത്തിയിരുന്നു. സിനിമയിലും ഇതര ആഘോഷങ്ങളിലും സാമൂഹ്യ തിന്മകളെ പരസ്യമാക്കുന്ന രംഗങ്ങളെ ഒഴിവാക്കാണം.
  3. കൂട്ടുകെട്ട്: ജീവിക്കുന്ന ചുറ്റുപാടും അവരുടെ ചെറുപ്പകാലങ്ങളിലെ കൂട്ടുകെട്ടും ലഹരിക്ക് അടിമയാകാന്‍ കാരണമാകുന്നുണ്ട്. രസത്തിനോ കൂട്ടുകാര്‍ക്കിടയില്‍ ഗമ കാണിക്കുന്നതിനോ തുടങ്ങിയ ലഹരി ഉപയോഗം അവര്‍ വിചാരിച്ചാല്‍ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വഴുതി വീഴുന്നു.
  4. വിശ്വാസവും ആചാരവും: ചില മതങ്ങളിലും ആചാരങ്ങളിലും ലഹരി ഉപയോഗം അനുവദനീയമായി കാണിക്കുന്നു. പരസ്യമായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ കാണുന്നതോടെ സ്വാഭാവികമായി അത് പിന്‍പറ്റുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ലഹരി ഉപയോഗത്തിന് ഒരു മതത്തിന്റെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലം നല്‍കി ദുശീലങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
  5. സാമ്പത്തിക നേട്ടം: ബീഡി ,സിഗരറ്റ്, പാന്‍ മരാല, കള്ള് തുടങ്ങിയവയുടെ വില്പനയിലൂടെയാണ് സര്‍ക്കാരുകളുടെ നിലനില്പ്. അതുകൊണ്ട് തന്നെ ലഹരിയുടെ ഭവിഷ്യത്തിന് നേരേ കണ്ണടക്കുകയും അധികാരി വര്‍ഗ്ഗങ്ങളുടെ മൗനാനുവാദത്തോടെ നിരോധിത ലഹരിയും യഥേഷ്ടം സുലഭമായി കിട്ടുന്നു. ലഹരിയെന്ന പാപത്തിന്റെ പങ്ക് വേണ്ട എന്ന് സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുക്കാന്‍ ആര്‍ജ്ജവം കാണിക്കണം.
  6. കുടുംബ കലഹം: സ്വരചേര്‍ച്ചയില്ലാത്ത കുടുംബത്തില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതായി കാണാം. പ്രശ്‌നങ്ങള്‍ മറക്കാനും ലഹരിയില്‍ അഭയം പ്രാപിക്കാനാണ് ഇത്തരക്കാര്‍ ലഹരി ഉപയോഗിക്കുന്നത്. ഇത്തരം കുടുംബങളില്‍ വളരുന്ന കുഞ്ഞുങ്ങള്‍ അസാന്മാര്‍ഗിക വഴിയെലേക്കു എത്തുന്നു.
  7. തെറ്റിദ്ധാരണ: മദ്യം മിതമായി കഴിച്ചാല്‍ ഹൃദ്രോഗത്തിനു നല്ലതാണെന്നും ബിയര്‍ കുടിച്ചാല്‍ മൂത്രക്കല്ല് തെറിച്ചു പോകുമെന്നം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണയാണ്. അതുപോലെ കഞ്ചാവ് വലിച്ചാല്‍ തടി കൂറയുമെന്നും ഭക്ഷണം നന്നായി കഴിക്കാന്‍ ശേഷിയും ലഭിക്കുമെന്നും ലൈംഗിക ശേഷി വര്‍ധിക്കുമെന്നും പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണ്. ഇത്തരം അബദ്ധ ജടിലമായ അന്ധവിശ്വാസങ്ങളില്‍ ജനങ്ങള്‍ വീണ് പോകുന്നുണ്ട്.
  8. അണു കുടുംബം: കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ സ്‌നേഹവും സന്തോഷവും ദുഖവും പങ്ക് വെക്കാന്‍ മുത്തച്ഛന്‍, മുത്തശ്ശി തുടങ്ങി ഒരുപാട് പേരുണ്ടായിരുന്നു. സുഖത്തിലും ദുഖത്തിലും അവര്‍ പരസ്പരം കൊണ്ടും കൊടുത്തും സഹായിച്ചിരുന്നു. എന്ത് പ്രശ്‌നം വന്നാലും തനിക്ക് ആളുണ്ട് എന്ന തോന്നല്‍ ഈ കൂട്ട് കുടുംബ വ്യവസ്ഥിയില്‍ സംരംക്ഷണം ഒരുക്കിയിരുന്നു. ദുഃശീലം കണ്ടാല്‍ മറ്റു ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടും എന്ന ഭയം കുഞ്ഞുങ്ങളെ തെറ്റ് ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നാവട്ടെ കൂട്ട് കുടുംബത്തില്‍ നിന്ന് മാറി ഒരു വലിയ വീടും അതില്‍ നിറയെ മുറികളും. വീട്ടില്‍ അംഗസംഖ്യകുറയുകയും ചെയ്തു. ജോലിക്ക് അച്ഛനും അമ്മയും പുറത്തു പോവുന്നതോടെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. എല്ലാവരും ഒന്നിച്ചു കിടന്നിരുന്ന അവസ്ഥ മാറി ഓരോരുത്തര്‍ക്കും അടച്ചിട്ട ഓരോ സ്വകാര്യ മുറിയും കൂടി ആയപ്പോള്‍ അവര്‍ ഇന്റര്‍നെറ്റിലും മയക്കു മരുന്നിലും അഭയം തേടുന്നു.
  9. അഥിതി തൊഴിലാളികള്‍: ഇന്ന് മലയാളിയുടെ അടുപ്പ് പുകയണമെങ്കില്‍അന്യ സംസ്ഥാനത്തു നിന്ന് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കൊണ്ട് വരണം. മാത്രമോ അത് വെച്ച് വിളമ്പി തീന്മേശയില്‍ എത്താന്‍ വരെ അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന അവസ്ഥയിലാണ്. ചെറുപ്പക്കാര്‍ ജോലി തേടി മറ്റു സ്ഥലങ്ങളിലേക്ക് തുച്ഛം ശമ്പളത്തിന് പോകുമ്പോള്‍ അതിലും മികച്ച ശമ്പളത്തിന് അന്യ നാട്ടുകാര്‍ കേരളത്തില്‍ വന്നു ജോലിയെടുക്കുന്നു. മാത്രമല്ല അവര്‍ വളരെ കാലങ്ങളായി ഉപയോഗിക്കുന്നത് ഹാന്‍സും ഹുഡ്ക്കയും പാന്മസാലയും അവര്‍ ഇവിടേയ്ക്ക് വ്യാപകമായി കടത്തി കൊണ്ട് വരുകയും ചെയ്യുന്നുണ്ട്. ഇന്ന് അതിനും അപ്പുറമുള്ള ലഹരിയിലേക്ക് കേരളത്തിലെ യുവജനങ്ങളെ മാറ്റിയതില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് നല്ലൊരു പങ്കുണ്ട്. അത് മാത്രമല്ല പല ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ പോലും യാതൊരു രേഖയുമില്ലാതെ കേരളത്തിലെ വീടുകളിലും തൊഴിലിടങ്ങളിലും ജോലി ചെയ്യുന്നതും താമസിക്കുന്നതും ആശങ്കാജനകമാണ്.
  10. അപരിചതരെ സൂക്ഷിക്കുക: പല തരം സോഷ്യല്‍ ആക്ടിവിറ്റികയില്‍ സമയം കളയുന്നവരാണ് സമൂഹം. മൊബൈല്‍, ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസ്സഞ്ചര്‍ എന്നിവക്ക് പുറമെ പൊതുയിടങ്ങളില്‍ നിന്നും അപരിചിതര്‍ വ്യക്തികളുടെ സ്വകാര്യാതയിലേക്ക് കടന്നു വരുകയും ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. ക്രമേണെ അവര്‍ ലഹരി മാഫിയകളുടെ ഇരയാക്കി മാറ്റിയ സംഭവങ്ങളും ഉണ്ട്. സ്‌കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ വഴിയിലൂടെ പോകുന്ന അപരിചിതരുടെ വാഹനത്തില്‍ ‘ലിഫ്റ്റ്’ ചോദിച്ച് യാത്ര ചെയ്യുന്നു. എല്ലാവരും ലഹരിയുടെ വിപണനം നടത്തുന്നവരാണ് എന്നല്ല, ചിലരെങ്കിലും വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അപരിചിതരെ ഒഴിവാക്കുന്നതാണ് ഉത്തമം.
  11. ഒളിപ്പിക്കാം, കടത്താം: പുകയില മുറുക്കുകയും അല്പം മദ്യ സേവ നടത്തുകയും ചെയ്താല്‍ മറ്റുളളവര്‍ വേഗം തിരിച്ചറിയും. എന്നാല്‍ ഇന്ന് ഇഞ്ചക്ഷന്‍, മൂക്ക് പൊടി, നാവിനടിയില്‍ വെക്കുന്ന സ്റ്റാമ്പ്, ചൂയിങ് തുടങ്ങിയ രൂപത്തില്‍ ലഭ്യമാണ്. എന്തിനേറെ പറയണം, നഖത്തിനടിയില്‍ ഒളിപ്പിക്കാന്‍ കഴിയുന്ന എം ഡി എം എ പോലുള്ള ‘ഉഗ്രലഹരി’ വിപണിയിലുണ്ട്. ഇതെല്ലാം ലഹരി അതിവേഗം വ്യാപിക്കാന്‍ കാരണമാണ്.
  12. ടൂറിസം ‘ലഹരി’: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രകൃതി കനിഞ്ഞു നല്‍കിയ പ്രകൃതി ഭംഗി ആസ്വദിക്കാനും അവധി ദിനങ്ങള്‍ ചെലവിടാനും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ടൂറിസത്തിന്റെ മറവില്‍ കോടികളുടെ ലഹരി ഇടപാടാണ് കേരളത്തില്‍ നടക്കുന്നത്. ഇതിന് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകള്‍ വരുമാന സ്രോതസ്സുകളാണ്. അതുകൊണ്ടുതന്നെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന സമീപനം നിയമപാലകര്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും.
  13. കണ്ണ് വെട്ടിക്കുന്നവര്‍: ഇന്റലിജന്‍സും രഹസ്യാന്വേഷണ വിഭാഗവും കാര്യക്ഷമമിണോ എന്ന കാര്യത്തില്‍ സംശയമാണ്. ആയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അനുമതിയില്ലാത്ത ലഹരി ഉത്പ്പന്നങ്ങള്‍ കേരളത്തല്‍ വ്യാപകമാകുന്നത് എന്നത് പരിശോധിക്കണം. നിയമ പാലകര്‍ക്ക് ലഹരി മാഫിയയെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ കിട്ടിയാല്‍ പോലും സമര്‍ത്ഥമായി അവരെ പിടിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല. നിയമ പാലകര്‍ പോലും ലഹരി മാഫിയകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ലഹരി ഉത്പ്പന്നങ്ങള്‍ ‘തൊണ്ടി’ മുതലില്‍ കുറച്ചുകാണിച്ച് പൊലീസുകാര്‍ മറിച്ചുവിറ്റതും നമ്മുടെ നാട്ടിലാത്.
  14. ഉന്നത സ്വാധീനം: ഗുരുതരമായ ലഹരി കേസുകളില്‍ കുടുങ്ങുന്ന കുട്ടികളെ പിടിച്ചു കേസ്ഷീറ്റ് ചാര്‍ജ് ചെയ്ത് മറ്റു ക്രിമിനല്‍ കുറ്റവാളികളോട് ഇടപെടാന്‍ അവസരം ഉണ്ടാക്കി കൊടും കുറ്റകൃത്യത്തിന് ഇടവരുത്താന്‍ സഹായിക്കുന്നത് ഒഴിവാക്കണം. കൗണ്‍സലിംഗ് ഉള്‍പ്പെടെ വിദഗ്ദ പരിചരണത്തിലൂടെ ഇത്തരക്കാരെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം.
    ലഹരി മാഫിയകള്‍ക്ക് ഉന്നതരുമായുള്ള ബന്ധം കേസിലെ പ്രതികളെ സഹായിക്കുന്നു. ഇത്തരക്കാര്‍ ലഹരി വില്പനയില്‍ വിലസുകയും ചെയ്യുന്നു. സമൂഹത്തില്‍ മാന്യതയും ഉന്നത സ്ഥാനവും ലഭിക്കുന്നു. ഇതുകണ്ട് വളരുന്ന കുഞ്ഞുങ്ങളില്‍ അവര്‍ ഹീറോ പരിവേഷമുളളവരായി മാറുന്നു. ഇത് അനുകരിക്കാന്‍ യുവതലമുറ തയ്യാറാകുമ്പോള്‍ ലഹരിയുടെ വില്പനയാണ് കൊഴുക്കുഞത്.
  15. വിദ്യാഭ്യാസം തേടി ലഹരിയിലേക്ക്: ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും കേരളത്തില്‍ പ്രവേശനം ലഭിക്കുന്നില്ല. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സാമ്പത്തികമായി കഴിവില്ലാത്തതിന്റെ പേരില്‍ പല കുട്ടികളും താല്പര്യമില്ലാത്ത കോഴ്‌സിന് ചേരേണ്ടി വരുന്നു. കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂടുതലാണ്. ഫീസില്‍ കുറവുമുള്ള സ്ഥാപനങ്ങള്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നു. അവരില്‍ ചെറിയൊരു വിഭാഗമെങ്കിലും കിട്ടാത്ത ഫ്രീഡം കിട്ടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ലഹരി ഉള്‍പ്പെടെ അസാന്മാര്‍ഗിക മാര്‍ഗങ്ങളില്‍ അഭിരമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
  16. വിദേശ പണത്തിന്റെ സ്വാധീനം: മാതാപിതാക്കള്‍ തങ്ങള്‍ക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആവശ്യത്തിനും അനാവശ്യത്തിനും മക്കള്‍ക്ക് പണം വാരിക്കോരി നല്‍കുന്നു. അവരെ നിയന്ത്രിക്കാന്‍ മാതാവിന് കഴിയാതെ വരുന്നു. അവിടം മുതല്‍ കുഞ്ഞുങ്ങള്‍ ഇത്തരം ലഹരിക്ക് അടിമപ്പെടാന്‍ അവസരം കൂടുകയുംപണം കിട്ടാതെയാകുമ്പോള്‍ മറ്റു വഴി തേടി പോവുകയും ചെയ്യുന്നു. ലഹരി ഏജന്റായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ പലരും പണം മുടക്കി ലഹരി വാങ്ങാന്‍ പണം ഇല്ലാതെ വന്നതോടെ ലഹരി കച്ചവടത്തിനിറങ്ങിയവരാണ്. പഠനം പൂര്‍ത്തിയാക്കി തൊഴില്‍ രഹിതരായി കഴിയുന്നവരുടെ നൈര്യാശ്യവും ലഹരി വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി തൊഴിലും ജീവിത മാര്‍വും നേടാന്‍ കഴിയാതെ വരുന്നെങ്കില്‍ വിദ്യാഭ്യാസ ശൈലി പരിഷ്‌കരിക്കണം. മാത്രമല്ല, ചെറിയ ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ ലഹരി വിതക്കുന്ന സാമൂഹികവും സാംസ്‌കാരികവും ആരോഗ്യ കരവുമായ ഭവിഷ്യത്തുകള്‍ ഉള്‍പ്പെടുത്തണം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കാകും കേരളം സാക്ഷ്യം വഹിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top