
റിയാദ്: സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ 77 പളളികള്‍ കൂടി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. സാമൂഹിക അകലം പാലിച്ച് ആരാധനകളില്‍ പങ്കെടുക്കുന്നതിനാണ് കൂടുതല്‍ പളളികള്‍ തുറക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണിത്. ഇതോടെ അല്‍ ജൗഫ് പ്രവിശ്യയില്‍ 175 മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.
സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പളളികള്‍ തുറന്നതോടെ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ തിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അല്‍ജൗഫിലെ ഇസ്ലാമികകാര്യ മന്ത്രാലയം മേധാവി അവദ് അല്‍അന്‍സി പറഞ്ഞു.
പളളികളിലെത്തുന്നവര്‍ പ്രതിരോധ നടപടികള്‍ പൂര്‍ണമായും അനുസരിക്കണം. പളളികളില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്ന ശേഷിയുടെ 40 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. ഘട്ടം ഘട്ടമായി ലോക് ഡൗണ്‍ പിന്‍ വലിച്ചതിന്റെ ഭാഗമായി കഴിഞ്ഞ മാസം 31 മുതലാണ് രാജ്യത്ത് പളളികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ 71 മസ്ജിദുകള്‍ പൂട്ടിയിരുന്നു. ഇവ അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറന്നുകൊടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
