
റിയാദ്: കേരളത്തില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് സ്‌നേഹ തണലൊരുക്കി കെ.എം.സി.സി. കണക്ഷന്‍ ഫ്‌ളൈറ്റ് വൈകിയതിനെ തുടര്‍ന്ന് റിയാദില്‍ കുടുങ്ങിയ 49 നഴുമാര്‍ക്കാണ് സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ തുണയായത്. മക്ക, ഹഫര്‍ അല്‍ ബാതിന്‍ തുടങ്ങി വിവിധ പ്രവിശ്യകളിലെത്തേണ്ടവരെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ താമസം ഒരുക്കി. പിന്നീട് അധികൃതരെത്തി ഇവരെ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അവധിയില്‍ നാട്ടിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് മടക്ക യാത്ര മുടങ്ങിയതോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നെത്തിയവരാണ് റിയാദില്‍ കുടുങ്ങിയത്.
ബുധനാഴ്ച രാത്രി 10ന് സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്നു 134 മലയാളി നഴ്‌സുമാരാണ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 49 നഴ്‌സുമാരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. യാത്ര പുറപ്പെടുമ്പോള്‍ തന്നെ അനിശ്ചിതത്വം നിലവിലുണ്ടായിരുന്നു. എന്നാല്‍ റിയാദിലെത്തുമ്പോള്‍ യാത്രാ സൗകര്യം തയ്യാറായിരിക്കുമെന്ന് ഇന്ത്യയിലെ സൗദി എംബസിക്കു കീഴിലുളള ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസില്‍ നിന്നു അറിയിച്ചിരുന്നതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. കണക്ഷന്‍ ഫ്‌ളൈറ്റ് ലഭിച്ചവര്‍ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും വിവരം ലഭിക്കാതിരുന്നതോടെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫയുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടു. താല്‍ക്കാലിക താമസ സൗകര്യം ഒരുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ വാഹനങ്ങളുമായി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തി നഴ്‌സുമാരെ ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഇവരെ ഇന്ന് രാവിലെ 7 മണിയോടെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. വിഷയം സിദ്ദീഖ് തുവ്വൂര്‍ വിമാനത്താവള അധികൃതരുമായി സംസാരിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഹോട്ടലെത്തി വിശ്രമിച്ച നഴ്‌സുമാര്‍ക്ക് ഭക്ഷണവും കെ.എം.സി.സി എത്തിച്ചു നല്‍കി. നഴ്‌സുമാരുടെ ലഗേജടക്കമുള്ളവ കെ.എം.സി.സി പ്രവര്‍ത്തകര്‍ വാഹനങ്ങളിലെത്തിച്ചു.
വനിതാ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ഷംസു പെരുമ്പട്ട, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, ഹുസൈന്‍ കുപ്പം, മജീദ് പരപ്പനങ്ങാടി, മെഹബൂബ് കണ്ണൂര്‍, അഷ് റഫ് പയ്യന്നൂര്‍, കുഞ്ഞിമുഹമ്മദ് അല്‍ മദീന തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
