Sauditimesonline

watches

ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ പിണറായി ശ്രമിക്കുന്നു: എം സി ഖമറുദ്ദീന്‍ എം എല്‍ എ

റിയാദ് ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് ജസ്റ്റിസ് കെമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ. പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നവരെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രി രണ്ടുതരം കളിയാണ് നടത്തുന്നത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നു. അതോടൊപ്പം മറുപക്ഷത്തെ സഹായിക്കാന്‍ കേന്ദ്ര ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ കാമ്പയിന്‍ നടത്തുന്ന കെമാല്‍പാഷയെ പോലുളളവര്‍ക്കെതിരെ പ്രസ്താവനയും നടത്തുന്നു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പൗരത്വ രജിസ്‌ട്രേഷനെതിരെ സംസ്ഥാന സര്‍ക്കാരിന് വാചകമടി മാത്രമാണുളളത്. എന്നാല്‍ സംസ്ഥാനത്തെ പലസ്ഥലങ്ങളിലും നടപടിയുമായി മുമ്പോട്ടുപോകുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി കത്തെഴുതാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും എം സി ഖമറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രി ഹീറോ ചമയുകയാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമമാണ്. എന്നാല്‍ ഇന്ത്യ നേരിടുന്നത് ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയില്‍ അരങ്ങേറുന്ന കലാപം കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ദേശീയ മാധ്യമ ശ്രദ്ധ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലേക്ക് തിരിഞ്ഞ സമയം അക്രമത്തിന് തെരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണ്. പൊലീസും സംഘ്പരിവാര്‍ ഗുണ്ടകളുമാണ് ദല്‍ഹി അക്രമണത്തിന് നേതൃത്വം നല്‍കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വര്‍ഗീയവത്ക്കരണത്തിന് ആദ്യം മുതല്‍ ശ്രമം നടന്നിരുന്നു. ഇന്ത്യന്‍ ജനതയെ രണ്ടു തട്ടുകളായി ചേരിതിരിച്ച് മുതലെടുപ്പ് നടത്തുകയാണ്.

പ്രതിപക്ഷ എം എല്‍ എ മാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. പിന്നോക്കം നില്‍ക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാ മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. ഇരുപത് പദ്ധതികള്‍ സമര്‍പ്പിച്ചു. എന്നാല്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ 40 ലക്ഷം അനുവദിച്ചതല്ലാതെ ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ലെന്നും എം സി ഖമറുദ്ദീന്‍ ആരോപിച്ചു. കെ എം സി സി കാസര്‍കോഡ് ജില്ലാ കമ്മറ്റി നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top