അല്‍റസ്: കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി(35)യുടെ മയ്യിത്ത് അല്‍റസില്‍ കബറടക്കി. പത്ത് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കോവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിന് കീഴിലേക്ക് ജോലി മാറിയത്. അയ്യൂബ്, നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.
ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി, സുലൈമാന്‍ മേലാറ്റൂര്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍റസ് മക്ബറയില്‍ കബറടക്കി. ജനാസ നമസ്‌കാരത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.