മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: നാട്ടിലേക്കു മടങ്ങിയ മലയാളി യുവാവിന്റെ ആത്മഹത്യ വിശ്വസിക്കാന്‍ ഇനിയും സുഹൃത്തുക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. നാലുമാസം കഴിഞ്ഞ് മടങ്ങി വരാമെന്ന് തൊഴിലുടമക്ക് വാക്കു പറഞ്ഞാണ് പാലക്കാട് കുനിശ്ശേരി പുതുവളവ് മുരളി സുന്ദരന്‍ ഈ മാസം 4ന് ആണ് റിയാദില്‍ നിന്ന് വന്ദേഭാരത് സര്‍വീസില്‍ നാട്ടേലേക്ക് മടങ്ങിയത്. കുടുംബം കണ്ടെത്തിയ വീട്ടില്‍ ഒറ്റക്ക് ക്വാറന്റൈനില്‍ കഴിയവെ 14ന് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സഹോദരന്‍ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താമസിച്ച വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബുറൈദയില്‍ സ്‌പോണ്‍സറോടൊപ്പം ജോലി ചെയ്യുന്നതിനിടെ മാനസിക വെല്ലുവിളി നേരിട്ടിരുന്നു. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറ, നൈസാം തൂലിക എന്നിവരുടെ സഹായത്തോടെ സ്‌പോണ്‍സര്‍ ചികിത്സ ലഭ്യമാക്കി. സ്‌പോണ്‍സറുടെ ഉടമസ്ഥതയിലുളള വിശ്രമ കേന്ദ്രത്തിലേക്ക് ജോലി മാറ്റി നല്‍കുകയും ചെയ്തു. മാന്യമായ ശമ്പളം. സമ്മര്‍ദ്ദങ്ങളില്ലാത്ത സുഖമുളള ജോലി. സ്‌നേഹവും അനുകമ്പയുമുളള മനുഷ്യസ്‌നേഹിയായ സ്‌പോണ്‍സര്‍ ഏതുസഹായത്തിനും സന്നദ്ധമായിരുന്നു.
മുജീബ് കുറ്റിച്ചിറ, നൈസാം തൂലിക എന്നിവര്‍ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ മുരളിയെ ജോലി സ്ഥലത്ത്‌പോയി അന്വേഷിക്കുകയും സാന്ത്വനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അവധി നേടാന്‍ സ്‌പോണ്‍സറെ നിര്‍ബന്ധിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ സമയം ആയിരുന്നില്ലെന്നു മാത്രമല്ല എന്തു ചികിത്സക്കും സ്‌പോണ്‍സര്‍ ഒരുക്കവുമായിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിനും ആവശ്യമായ ചികിത്സ തേടുന്നതിനും സ്‌പോണ്‍സര്‍ നാലുമാസം അവധി നല്‍കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധനായി. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങി. ഇതിനിടെ സ്‌പോണ്‍സറുമായും ഇന്ത്യന്‍ എംബസിയുമായും മുജീബ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കിയത്. നാലുമാസം കഴിഞ്ഞ് മടങ്ങിവരാമെന്ന് മുരളി സ്‌പോണ്‍സര്‍ക്കും മുജീബിനും ഉറപ്പു നല്‍കി സന്തോഷത്തോടെയാണ് യാത്രപറഞ്ഞത്. മരണവാര്‍ത്ത കേട്ടതോടെ മുരളിയെ നാട്ടിലേക്ക് അയക്കേണ്ടിയിരുന്നില്ലെന്ന തേങ്ങലാണ് സുഹൃത്തുക്കളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
