Sauditimesonline

watches

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു: നവോദയ റിയാദ്

റിയാദ്: സാര്‍വ്വദേശീയ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവോദയ മെയ് ദിനാചരണം. ഇന്ത്യയില്‍ തൊഴിലാളികള്‍ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുകയും ജനതയൊന്നാകെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കുകയും ചെയ്യുന്ന നയസമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുന്നു.

സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വന്തമായി വിമാനമോ വിമാനത്താവളങ്ങളോ ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറി. സര്‍വ്വമേഖലകളിലും രാജ്യം പിന്നോട്ടുപോയ്‌കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ കലാപങ്ങളും വംശീയ ആക്രമണങ്ങളും വര്‍ധിക്കുന്നു. രാഷ്ട്രീയബോധമാര്‍ജ്ജിച്ച തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടേയും ഐക്യത്തിലൂടെമാത്രമേ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ മാറ്റാന്‍ കഴിയൂവെന്ന് യോഗം വിലയിരുത്തി. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്തവിധം പണപ്പെരുപ്പം വര്‍ധിച്ചു.

നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബോധപൂര്‍വ്വം വര്‍ഗ്ഗീയ പ്രചാരണം നടത്തുകയാണ് മോദിയും സംഘ് പരിവാരങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബി ടീമായി മാറിയ കോണ്‍ഗ്രസ്സ് വടകരയില്‍ നടത്തിയ വര്‍ഗ്ഗീയ ദുഷ്പ്രചാരണം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല. നവോദയ പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. മൃദുന്‍ മെയ്ദിന സന്ദേശം അവതരിപ്പിച്ചു. കുമ്മിള്‍ സുധീര്‍, ഷമീര്‍ വര്‍ക്കല, റസ്സല്‍, അനില്‍ മണമ്പൂര്‍, ഷൈജു ചെമ്പൂര്, ശ്രീരാജ്, മനോഹരന്‍, നാസ്സര്‍ പൂവ്വാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top