
റിയാദ്: തലസ്ഥാന നഗരമായ റിയാദില്‍ പ്രകാശ വിസ്മയത്തിന് തിരിതെളിഞ്ഞു. റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ ഭാഗമായി അരങ്ങേറുന്ന ആഘോഷ രാവുകളില്‍ വര്‍ണം വിരിയിക്കുന്ന പ്രകാശ വിസ്മയമാണ് കാണികളെ കാത്തിരിക്കുന്നത്. സൗദിക്കു പുറമെ 20 രാജ്യങ്ങളില്‍ നിന്നുളള ലൈറ്റിംഗ് ആര്‍ട് വിദഗ്ദരും 60 കലാകാരന്‍മാരും ചേര്‍ന്നാണ് നൂര്‍ റിയാദ് എന്ന പേരില്‍ ഒരുക്കിയിട്ടുളള ആഘോഷപരിപാടികള്‍ക്ക് വര്‍ണ വിസ്മയമൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച റിയാദ് ആര്‍ട് പ്രോഗ്രാമിന്റെ പ്രഥമ സംരംഭമാണിത്. കിംഗ് അബ്ദുല്ല ഫൈനാന്‍സ് സെന്റര്‍, മുറബ കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്റര്‍ എന്നിവടങ്ങളിലാണ് പ്രധാന പരിപാടികള്‍ അരങ്ങേറുന്നത്. കിംഗ് അബ്ദുല്ലാ കോണ്‍ഫറന്‍സ് ഹാളില്‍ നൂര്‍ അലാ നൂര്‍ എന്ന പേരില്‍ ലൈറ്റിംഗ് വിസ്മയങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
17 ദിവസം നുണ്ടു നില്‍ക്കുന്ന നൂര്‍ റിയാദിന്റെ ഭാഗമായി ചര്‍ച്ചകള്‍, ശില്പശാലകള്‍, സംഗീത വിരുന്ന്, വിനോദ-വിജ്ഞാന പരിപാടികള്‍ എന്നിവയും നടക്കും. റിയാദിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും കലാ, സാംസ്‌കാരിക പൈതൃകം പുതുതലമുറക്കു പകരുകയുമാണ് ലക്ഷ്യമെന്ന് റിയാദ് ആര്‍ട് പ്രോഗ്രാം ഡയറക്ടര്‍ ഖാലിദ് അല്‍ സാമില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
