റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ അപലപിച്ചു. ഹൊദൈദ തുറമുഖം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റിയതായും ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് അല്‍ഒതൈമീന്‍ ആരോപിച്ചു.
യെമനില്‍ നിയമാനുസൃത സര്‍ക്കാരിനെയാണ് സൗദി അറേബ്യ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇറാന്‍ പിന്തുണയോടെ തുടര്‍ച്ചയായി സൗദിയെ ആക്രമിക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ തുടച്ചയായി സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും സൗദി സഖ്യസേന ഇത് ആകാശത്ത് തകര്‍ത്തിരുന്നു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രമായി യമനിലെ ഹൊദൈ ഗവര്‍ണറേറ്റിനെ ഉപയോഗിക്കുകയാണ്. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്‌റ്റോക്ക്‌ഹോം കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് അല്‍ഒതൈമീന്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. മാത്രമല്ല ഇത് കരാറിനെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്‍ ഭരണകൂടത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് അറബ് പാര്‍ലമെന്റ് ചെയര്‍മാന്‍ ഡോ. മിഷാല്‍ ബിന്‍ ഫഹാം അല്‍ സലാമിയും ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.