Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

താരമായി അബൂസുറ; സൗദിയിലെ ഓറഞ്ച് മഹോത്സവം

ഓറഞ്ചിന്റെ മധുരവും പുളിയും കൊതിതീരുവോളം നുകരാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഹരീഖ് ഗ്രാമം. ഇവിടെയെത്തുന്നവര്‍ക്ക് ഓറഞ്ച് തോട്ടങ്ങളില്‍ യഥേഷ്ടം ഓറഞ്ച് ഭക്ഷിക്കാം. അബുസൂറ, വാലന്‍സിയ, യൂസുഫി, റെഡ് യെല്ലോ, സുകരി, ശമൂഥി, അദാലിയ, ട്രഞ്ച്, യൂസുഫി അല്‍മന്ദ്രിന്‍, അബു ശബക തുടങ്ങി ഇരുപതിലധികം ഇനങ്ങളിലുളള ഓറഞ്ചാണ് കൃഷിചെയ്യുന്നത്. മധുരവും രുചിയും ഗുണവും കൂടിയ ഇനമാണ് അബുസുറ. അതുകൊണ്ടുതന്നെ ഓറഞ്ച് മേളയിലെ താരമാണ് അബുസുറ. 350 തോട്ടങ്ങളിലായി വര്‍ഷം ആറു ടണ്‍ ഓറഞ്ചാണ് ഇവിടെ വിളയുന്നത്. സൗദി അറേബ്യയില്‍ രാസവളം ചേര്‍ക്കാതെ വിവിധ ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് ഹരീഖിനെ ശ്രദ്ധേയമാക്കുന്നത്.

വിളവെടുപ്പ് ആരംഭിച്ചതോടെ കൃഷി മന്ത്രാലയത്തിന്റെ കീഴിലുളള ദേശീയ കാര്‍ഷിക സേവന കമ്പനി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് മേഹാത്സവമാണ് നടത്തുന്നത്. വിളവെടുപ്പ് പൂര്‍ത്തിയായ തോട്ടങ്ങളില്‍ ഇപ്പോഴും ധാരാളം ഓറഞ്ചുകള്‍ കാണാം. ഇവിടങ്ങളിലാണ് തോട്ടം ഉടമകള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. പ്രവേശനം സൗജന്യമാണെന്നു മാത്രമല്ല, അറബിക് ഖഹ്‌വയും ഈത്തപ്പഴവും ഫല വര്‍ഗങ്ങളും സമ്മാനിച്ചാണ് മലയാളികള്‍ ഉള്‍പ്പെടെയുളളവരെ സ്വീകരിക്കുന്നത്.

ഹരീഖ് ഗ്രാമത്തിന്റെ ചുറ്റും മലകളാണ്. വേനല്‍ കാലത്ത് അതി കഠിനമായ ചൂടും ശീതകാലത്ത് അതി ശൈത്യവുമാണ് ഇവിടെ അനുഭവപ്പെടുന്നത്. വേനലിലും ശുദ്ധമായ ഭൂഗര്‍ഭ ജലം സുലഭായി ലഭിക്കും. രാജ്യത്ത് പലയിടങ്ങളിലും മലിനജലം ശുദ്ധീകരിച്ചാണ് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ പ്രകൃതിദത്തമായ ജലം ഉപയോഗിച്ചാണ് ഹരീഖിലെ കൃഷി. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവന്‍ വിവിധ ഫലവര്‍ഗങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു.

പ്രാദേശിക വിപണിയില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമാണ് ഓറഞ്ച് മഹോത്സവം ലക്ഷ്യം വെക്കുന്നത്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നു വിനോദ സഞ്ചാരികളും വ്യാപാരികളും ഹരീഖിലെത്തുന്നുണ്ട്. ഓറഞ്ച് മാത്രമല്ല, ഹരീഖില്‍ വിളയുന്ന ഈന്തപ്പഴം, തേന്‍ എന്നിവയ്ക്കു ജിസിസി രാജ്യങ്ങളിലും ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ഓറഞ്ചു മേളയില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുളളവരുടെ സാന്നിദ്ധ്യവും കാണാം. ഓറഞ്ച് മേള സന്ദര്‍ശിക്കാന്‍ റിയാദില്‍ നിന്ന് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നാണ് ഹരീഖിലെ തോട്ടങ്ങളിലെത്തിയത്. കണ്ണൂര്‍ കെഎംസിസി, ഗള്‍ഫ് മലയാളി ഫൗണ്ടേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ ഏകദിന വിനോദ യാത്രയാണ് നടത്തിയത്.

ഈന്തപ്പഴം, ഓറഞ്ച് എന്നിവയാണ് പ്രധാന വിളകളെങ്കിലും മറ്റു ഫല വര്‍ഗങ്ങളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. അത്തിപ്പഴം, തക്കാളി, മുരിങ്ങ, മുന്തിരി, മാതളം, തുളസി, യൂക്കാലിപ്‌സ്, വിവിധയിനം ചീര എന്നിവയാണ് ഇടവിളയായി കൃഷി ചെയ്യുന്നത്.

കര്‍ഷകരെ ബോധവത്കരിക്കുന്നതിനും കാര്‍ഷിക മേഖലയിലെ മികച്ച രീതികള്‍ പരിചയപ്പെടുത്തുന്നതിനും സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികളും പരിസ്ഥിതി, ജലം, കൃഷി, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ആരോഗ്യ ബോധവത്ക്കരണ പരിപാടിയും മേളയുടെ ഭാഗമാണ്. കാര്‍ഷിക അഭിവൃദ്ധി ലക്ഷ്യമാക്കി വിഷന്‍ 2030 വിഭാവന ചെയ്യുന്ന വിവിധ പദ്ധതികളും മേളയില്‍ ഇടം നേിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വഴി ഏറ്റവും കുറഞ്ഞ വിലക്കു മികച്ച വിത്തുകള്‍ കര്‍ഷകര്‍ക്കും സന്ദര്‍ശകര്‍ക്കും വിതരണം ചെയ്യുന്നുണ്ട്.

ഫലവര്‍ഗങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും രുചിച്ചു നോക്കാനും വിപുലമായ സൗകര്യങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുളളത്. 53 ഓറഞ്ച് പവലിയനകള്‍, 28 തേന്‍ ഉല്‍പ്പാദകര്‍, ഈത്തപ്പഴം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ 22 സ്റ്റാളുകള്‍ എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പാലുല്‍പ്പന്നങ്ങള്‍, നെയ്യ്, തൈര്, അറബ് ഗ്രാമങ്ങളിലെ പരമ്പരാഗത ലഘു ഭക്ഷണം എന്നിവയും മേളയില്‍ കാണാം. വിവിധയിനം നാരക തൈകളുടെ വില്‍പ്പന, കൃഷിരീതികള്‍, നഴ്‌സറികള്‍ എന്നിവയും മേളയി ഇടം നേടിയിട്ടുണ്ട്. ഹരീഖിലെ മലയിടുക്കുകളിലും മരുഭൂമിയിലും കാണുന്ന വിവിധ ജീവികളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

ഹരീഖിലേയ്ക്ക് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം 12 സ്വകാര്യ ഓറഞ്ച് തോട്ടങ്ങളാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. റിയാദില്‍ നിന്ന് 170 കിലോ മീറ്റര്‍ അകലെയാണ് ഹരീഖ് ഗ്രാമം. പതിനായിരത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. തലസ്ഥാന നഗരിയില്‍ നിന്നു ഇപ്പോഴും പൊതുഗതാഗത സംവിധാനം നിലവിലില്ല. അതുകൊണ്ടുതന്നെ കാര്‍ഷിക ഗ്രാമമായ ഹരീഖിനെ സംബന്ധിച്ച് റിയാദിലുളള മലയാളികള്‍ അറിയുന്നത് ഓറഞ്ച് മഹോത്സവം ആരംഭിച്ചതിന് ശേഷമാണ്. ഒന്‍പതാമത് മഹോത്സവമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മേള തുടങ്ങി നാലു ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം സന്ദര്‍ശകരാണ് ഹരീഖിലെത്തിയത്.

ഓറഞ്ച് മേള നടക്കുന്ന മറ്റൊരു പ്രദേശമാണ് അല്‍ഉല. ഇവിടെ 800 ഹെക്ടറില്‍ 4,700 തോട്ടങ്ങളാണുളളത്. ഇവിടെയുളള 200,000 ഓറഞ്ച് ചെടികളില്‍ ആറു ടണ്‍ ഓറഞ്ചാണ് ഉത്പ്പാദിപ്പിക്കുന്നത്. ഫലം വിളവെടുപ്പ് കാലത്ത് മികച്ച കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതിയും രാജ്യാന്തര സഞ്ചാരികളെ അല്‍ ഉലയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞതോടെ മൂന്നു വര്‍ഷമായി സാംസ്‌കാരിക, കാര്‍ഷിക, വിനോദസഞ്ചാര മേളയാക്കി അല്‍ ഉല ഓറഞ്ച് ഫെസ്റ്റിനെ മാറ്റി.

ഈത്തപ്പഴം കഴിഞ്ഞാല്‍ അല്‍ ഉലയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഓറഞ്ചാണ്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 30 ശതമാനം ഇവിടെയാണ് കൃഷി ചെയ്യുന്നത്. കയറ്റുമതിക്കു പുറമെ രാജ്യാന്തര വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കിയാണ് അല്‍ ഉലയിലെ ഓറഞ്ചുമേളയയുടെ രൂപകല്പന. അതു രാജ്യത്തിന്റെ സമ്പദ് ഘടനക്കു കരുത്തു പകരുന്ന രീതിയില്‍ അല്‍ ഉല റോയല്‍ കമ്മീഷന്‍ ഈവര്‍ഷം വിപുലീകരിച്ചു. വരും വര്‍ഷങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകും എന്ന കാര്യത്തില്‍ സംശയമില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top