റിയാദ്: വൈറൽ അണുബാധ വേട്ടയാടിയതോടെ ദുരിതത്തിലായ കൊല്ലം കുണ്ടറ സ്വദേശി ദിവ്യാറാണിയ്ക്കു കേളി കുടുംബവേദി തുണയായി. റിയാദ് ദരയ്യ ആശുപത്രിയില്‍ നഴ്‌സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പാണ് രോഗം വില്ലനായത്. ആദ്യ രണ്ടുമാസം തടസ്സമില്ലാതെ ജോലി ചെയ്‌തെങ്കിലും രോഗം മൂര്‍ഛിക്കുകയുമായിരുന്നു. കാലില്‍ നിന്നു തുടങ്ങിയ രോഗം അതിവേഗം ശരീരത്തില്‍ വ്യാപിച്ചു. ഇഴതേ,ാടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഒരു കാലിന് രണ്ടുതവണ ശസ്ത്രക്രീയ നടത്തി. ഇതിനിടെ രോഗം മൂര്‍ഛിക്കുകയും അണുബാധ കരളിനെ ബാധിക്കുകയും ചെയ്തതായ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.
നാട്ടില്‍ വിദഗ്ദ ചികിത്സ നടത്തുന്നതിന് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മൂന്ന് മാസം തികയുന്നതിന് മുമ്പ് അവധി അനുവദിക്കാന്‍ തടസ്സമുണ്ടെന്നായിരുന്നു നിലപാട്. സഹപ്രവര്‍ത്തകര്‍ കേളി രക്ഷാധികാരി സമിതിയെ അറിയിച്ചതോടെ കുടുംബവേദി ഇടപെട്ടു.
ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ദിവ്യാറാണിയുടെ ശാരീരികാവസ്ഥയും നാട്ടിലെ പശ്ചാത്തലവും ബോദ്ധ്യപ്പെടുത്തി. ഇതോടെ മൂന്ന് മാസം ലീവ് അനുവദിക്കുകയും റീ എന്‍ട്രി വീസ നല്‍കുകയും ചെയ്തു. കേളി നല്‍കിയ ടിക്കറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വീല്‍ ചെയര്‍ സംവിധാനം ഒരുക്കിയാണ് നാട്ടിലേയ്ക്കു യാത്രയയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അന്‍ഷാദ് അബ്ദുല്‍ കരീം സഹായവുമായി ദിവ്യാറാണിയോടൊപ്പം കോഴിക്കോട് വിമാനത്താവളം വരെ അനുഗമിച്ചു.
കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ്, കേന്ദ്രകമ്മറ്റി അംഗം ജയരാജ്, കുടുംബവേദി അംഗം അഫീഫ അക്ബറലി, കേളി ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കമ്മറ്റി അംഗം ജാര്‍നെറ്റ് നെല്‍സണ്‍ എന്നിവര്‍ റിയാദ് വിമാനത്താവളം വരെ അനുഗമിച്ചു.
നടക്കാനോ നില്‍ക്കാനോ സാധിക്കാത്തതിനാല്‍ വിമാനത്തില്‍ കയറുന്നതിന് ബുദ്ധിമുട്ട് നേരിട്ടെന്നും വിമാനം 30 മിനുട്ടോളം വൈകി പുറപ്പെടുന്ന അവസ്ഥ ഉണ്ടായതായും സഹയാത്രികന്‍ അന്‍ഷാദ് അബ്ദുല്‍ കരീം പിന്നീട് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ദിവ്യാറാണിയെ സ്വീകരിക്കുകയും പ്രത്യേക വാഹനത്തില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.