റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) ആവശ്യമില്ലെന്ന് ദല്‍ഹിയിലെ സൗദി എംബസി. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദo ശക്തമാണ്. ഇരു രാഷ്ട്രങ്ങളും തന്ത്രപരമായ പങ്കാളികളുമാണ്. ഈ സാഹചര്യത്തില്‍ പിസിസി പിന്‍വലിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മൂന്നു മാസം മുമ്പാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പിസിസി നിര്‍ബന്ധമാക്കിയത്. പൗരത്വ സമരം, കെറെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് ഇത് തിരിച്ചടിയായിരുന്നു. അതേസമയം, ഉത്തരേന്ത്യയില്‍ നിന്ന് തൊഴില്‍ തേടുന്നവര്‍ക്ക് പിസിസി ലഭ്യമാകാന്‍ കാലതാമസം നേരിട്ടതോടെ റിക്രൂട്‌മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി.
കോവിഡാനന്തരം നൂറുകണക്കിന് തൊഴിലവസരമാണ് സൗദി അറേബ്യയിലുളളത്. നിരവധി മെഗാ പ്രോജക്ടുകളും സൗദിയില്‍ പുരോഗമിക്കുന്നുണ്ട്. പിസിസി നിര്‍ബന്ധമാക്കിയതോടെ ഇന്ത്യയില്‍ നിന്നുളള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് തടസ്സപ്പെട്ടിരുന്നു. പുതിയ പ്രഖ്യാപനം തൊഴില്‍ തേടുന്നവര്‍ക്കും റിക്രൂട്‌മെന്റ് ഏജന്‍സികള്‍ക്കും ആശ്വാസമാകും.
സൗദിയില്‍ 20 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ട്. ഇവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇതെല്ലാം പരിഗണിച്ചാണ് പിസിസി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ദല്‍ഹിയിലെ സൗദി എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.