അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍
ഇറ്റലിയില്‍ നടന്ന 1934 ലെ രണ്ടാം ലോകകപ്പ് മുതലാണ് ടീമുകളുടെ യോഗ്യതാ റൗണ്ട് മത്സരം ആരംഭിച്ചത്. ആദ്യ തവണ 36 ടീമുകള്‍ മത്സരിച്ചു. ഇതില്‍ 16 ടീമുകളെ തെരഞ്ഞെടുത്തു. എന്നാല്‍, ഉറുഗ്വേയില്‍ നടന്ന പ്രഥമ ലോക കപ്പില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ആ സമയത്തെ ലോക ചാമ്പ്യന്‍മാര്‍ കൂടിയായിരുന്ന ഉറുഗ്വേ ഇതില്‍ പ്രതിഷേധിച്ചു. ഫിഫയുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷ് ടീമുകളും രണ്ടാം ലോകകപ്പ് ബഹിഷ്‌കരിച്ചു.
👇വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇമേജില്‍ ക്ലാക് ചെയ്യുക👇
ഇറ്റാലിയന്‍ പ്രസിഡന്റ് മുസ്സോളിനി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയെന്ന് വ്യാപക പരാതി ഉയര്‍ന്ന രണ്ടാം ലോകകപ്പ് ആതിഥേയര്‍ തന്നെ കിരീടം ചൂടി. ചെക്കസ്ലോവാക്യക്കെതിരെ 2-1 നായിരുന്നു ഇറ്റലിയുടെ വിജയം. അവസാന എട്ടില്‍ കടന്ന എല്ലാ ടീമുകളും യൂറോപ്പില്‍ നിന്നായിരുന്നു. ആസ്ട്രിയയും ജര്‍മ്മനിയും ആയിരുന്നു മറ്റ് സെമി ഫൈനലിസ്റ്റുകള്‍.
1938ല്‍ നടന്ന മൂന്നാം ലോക കപ്പിന്റെ ആതിഥേയരായി വീണ്ടും മറ്റൊരു യൂറോപ്പ്യന്‍ രാജ്യമായ ഫ്രാന്‍സിനെ തെരഞ്ഞെടുത്തു. ഇതോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധത്തിന്റെ ഭാഗമായി അര്‍ജന്റീനയും ഉറുഗ്വേയും കൂടാതെ, ആഭ്യന്തര കലഹങ്ങള്‍ കാരണം സ്‌പെയിനും ഫ്രാന്‍സില്‍ നങ്കെടുത്തിയില്ല. ആതിഥേയര്‍ക്കും കിരീടധാരികള്‍ക്കും നേരിട്ട് പ്രവേശനം നല്‍കുന്ന രീതി നിലവില്‍ വന്നതോടെ ഫ്രാന്‍സും ഇറ്റലിയും നേരിട്ടും 14 രാജ്യങ്ങള്‍ യോഗ്യതാ റൗണ്ടിലൂടെയും പ്രവേശനം നേടി. ജര്‍മ്മനിയുമായുള്ള ലയനത്തോടെ ആസ്ട്രിയന്‍ ടീമും മത്സരത്തില്‍ പങ്കെടുത്തില്ല.
കളിയുടെ മുഴുവന്‍ സമയവും സമനില പാലിച്ചാല്‍ 30 മിനുട്ട് എക്‌സ്ട്രാ ടൈം നല്‍കുന്ന രീതി തുടങ്ങിയത് ഈ ലോകകപ്പിലാണ്. ഇത് ബ്രസീല്‍ ടീമിന്റെ തേരോട്ടത്തിന് ഇടയാക്കിയെന്ന് പറയാം. സെമിയില്‍ ഇറ്റലിയോട് തോറ്റെങ്കിലും ബ്രസീല്‍ സ്വീഡനെ പ്ലേ ഓഫില്‍ തോല്പിച്ച് മൂന്നാമതെത്തി. ഫൈനലില്‍ ഹംഗറിയെ 4-2 ന് തോല്പിച്ച് ഇറ്റലി കിരീടം നിലനിര്‍ത്തുന്ന ആദ്യത്തെ ടീമായി.
അടുത്ത ലോകകപ്പിന് 1950 വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം ലോക മഹായുദ്ധമാണ് ഇതിന് കാരണമായത്. ഫിഫ വൈസ് പ്രസിഡന്റ് ഒറ്റോറിനോ ബരാസ്സി തന്റെ ഷൂ ബോക്‌സില്‍ ഒളിപ്പിച്ച് വെച്ച് സംരക്ഷിച്ച ലോകകപ്പ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം ഇത്തവണ അരങ്ങേറിയത് ബ്രസീലിലായിരുന്നു. ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ നിറഞ്ഞു നിന്ന യൂറോപ്പില്‍ നിന്നു ലോകകപ്പ് വേദി ലാറ്റിനമേരിക്കയിലേക്ക് വീണ്ടും യാത്രയായി. അപ്പോള്‍ ജൂള്‍സ് റിമേത് ഫിഫയുടെ പ്രസിഡന്റായതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം കൂടിയായിരുന്നു. ഇതേതുടര്‍ന്ന് ലോകകപ്പ് ട്രോഫിയ്ക്ക് ജൂള്‍സ് റിമേത് ട്രോഫി എന്ന് നാമകരണം ചെയ്തു.
കൂടാതെ, ഒറ്റ ഫൈനല്‍ മാച്ചിന് പകരം നാല് ടീമുകളുടെ ഗ്രൂപ്പ് ഫൈനല്‍ റൗണ്ട് ഈ പതിപ്പിന്റെ മാത്രം പ്രത്യേകത ആയിരുന്നു. നിര്‍ണ്ണായക ഫൈനല്‍ മാച്ചില്‍ ആതിഥേയരെ തോല്പിച്ച് കന്നി ചാമ്പ്യന്മാരായ ഉറുഗ്വേ കിരീടം വീണ്ടെടുത്തു. സ്വീഡനും സ്‌പെയിനും ആയിരുന്നു മറ്റ് ഫൈനലിസ്റ്റുകള്‍.
ഇന്ത്യ ആദ്യമായും അവസാനമായും യോഗ്യത നേടിയ 1950 ലോകകപ്പില്‍ നിന്നു ഇന്ത്യയും സ്‌കോട്ട്‌ലണ്ടും തുര്‍ക്കിയും പിന്‍മാറി. ഇതോടെ പങ്കെടുത്ത ടീമുകളുടെ എണ്ണം പതിമൂന്നായി കുറഞ്ഞു. ഉയര്‍ന്ന യാത്രച്ചെലവും ബൂട്ടണിഞ്ഞ് കളിക്കാന്‍ താത്പര്യമില്ലാത്തതുമാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമായി പറയപ്പെടുന്നത്.
സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന 1954ലെ അഞ്ചാം ലോകകപ്പ് ഗോള്‍ മഴയുടെ പേരിലാണ് അറിയപ്പെടുന്നത്. ഓരോ കളിയിലും നേടിയ ഏറ്റവും ഉയര്‍ന്ന ശരാശരി ഗോളുകളുടെ എണ്ണത്തില്‍ (5.38) ഉള്‍പ്പെടെ എക്കാലത്തേയും നിരവധി റിക്കോഡുകള്‍ സ്ഥാപിച്ചു. ഫൈനലില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഹംഗറിയെ 3-2 ന് തോല്‍പിച്ച പശ്ചിമജര്‍മ്മനി അവരുടെ കന്നി ലോകകപ്പ് കിരീടം ചൂടി. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കിന് ശേഷം ആദ്യമായി ലോകകപ്പിന് എത്തിയ ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം അത് മധുര പ്രതികാരമായിരുന്നു.
ആദ്യമായി ടെലിവിഷന്‍ കവറേജ് ഏര്‍പ്പെടുത്തിയതും പ്രത്യേക സ്മാരക നാണയങ്ങള്‍ പുറത്തിറക്കിയതും അഞ്ചാം ലോകകപ്പിന് മാറ്റുകൂട്ടി. ഗ്രൂപ്പ് ഘട്ടത്തില്‍ ഹംഗറിയോട് 8-3ന് തോറ്റ ശേഷം പശ്ചിമ ജര്‍മ്മനി ഫൈനലില്‍ ഹംഗറിയെ തോല്‍പിച്ചത് എക്കാലത്തേയും വലിയ അട്ടിമറികളിലൊന്നാണ്. ജര്‍മ്മന്‍ കായിക ചരിത്രത്തിലെ മികച്ച നേട്ടങ്ങളിലൊന്നായും ഇതിനെ വിലയിരുത്തുന്നു.
അക്കാലത്ത് ജര്‍മ്മനിക്ക് പ്രഫഷണല്‍ ലീഗില്ലാത്തതിനാല്‍ പശ്ചിമ ജര്‍മ്മന്‍ ടീമിലെ എല്ലാ അംഗങ്ങളും അമച്വര്‍ കളിക്കാരായിരുന്നു. അമച്വര്‍ ഫുട്‌ബോള്‍ താരങ്ങളുമായി ഒരു ടീം ലോകകപ്പ് നേടുന്നത് നടാടെ ആയിരുന്നു
ഫിഫ ലോകകപ്പിന്റെ ആറാമത്തെ പതിപ്പ് 1958 ജൂണ്‍ 8 മുതല്‍ 29 വരെ സ്വീഡനില്‍ നടന്നു. ഫൈനലില്‍ ആതിഥേയരെ 5-2 ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ആദ്യ കിരീടം നേടിയത്. അന്ന് 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെലെ എന്ന വിസ്മയം ലോക വേദിയിലേക്കുള്ള വരവറിയിച്ച ലോകകപ്പ് കൂടിയായിരുന്നു ഇത്.
ഒരു ലോകകപ്പില്‍ ആദ്യമായി ഗ്രൂപ്പുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകളെ വേര്‍തിരിക്കാന്‍ ഗോള്‍ ശരാശരി ഉപയോഗിച്ചത് 1958ലെ ലോക കപ്പിലാണ്. ടെലിവിഷന്‍ ലൈവ് പ്രസാരണത്തിന് അനുയോജ്യമായ രീതിയില്‍ കളി സമയം ക്രമീകരിക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ തീരെ ശോഭിക്കാതിരുന്ന പെലെ ഫ്രാന്‍സിന് എതിരായ സെമി ഫൈനലില്‍ നേടിയ ഹാട്രിക് എക്കാലത്തും സ്മരിക്കപ്പെടുന്ന ഒന്നാണ്. രണ്ടാമത്തെ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന പശ്ചിമ ജര്‍മ്മനി ആതിഥേയരായ സ്വീഡഡനോട് പരാജയപ്പെട്ടു. (തുടരും)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.