കവിത | അബ്ദുല്‍ ജബ്ബാര്‍, ദമ്മാം
മര്‍ത്യന്നശാന്തിതന്‍
വിത്തെറിഞ്ഞിന്നൊരു
സൂക്ഷ്മാണു ഭൂമിയെ
കൈക്കലാക്കി.
ഹേതുവും
കേട്ടറവുമിന്നോളമില്ല
ജീവിക്കുവാനും പെരുകുവാനും
മാനവ മേനിയെ തന്നെ വേണം
തന്നെ പേറിയോരും
പിന്നെ കൂട്ടുകാരും ശേഷം
നാട്ടുകാരുമെനിക്കാതിഥേയര്‍.
നിത്യമെന്നോണമെന്‍
വര്‍ഗമിരട്ടിച്ചു
പാരിതിലാകെ
പരത്തി വിട്ടു
തന്നെ വെല്ലാനിനീ
ഭൂമിയിലാരുമൊട്ടില്ലെന്ന
ഹന്തക്ക് ശമനമായി..
ജാതീമതങ്ങളും
നാരീപുരുഷരും
ദേശാന്തരങ്ങളും
പ്രായവ്യത്യാസവും
ഒന്നുമില്ലാതെ
പടര്‍ന്നുകേറി കണ്ട
കൂട്ടങ്ങളൊക്കെയും
കൂട്ടിലായി.
കൈപിടിക്കാന്‍
കണ്ടൊരാലിംഗനത്തിനും
സംശയാലുക്കളായി മാറിനിന്നു.
കൂട്ടുകാരും വീട്ടുകാരും
ദൂരെ ദൂരെ വിട്ടുനിന്നു.
സോപ്പിട്ടുരച്ചു കൈകള്‍ കഴുകി
സാനിറ്റൈസര്‍ തുള്ളിയും തടവി
വായും മൂക്കും മറക്കാതെ
നടക്കുവാനുള്ളനുവാദം
തടഞ്ഞു വച്ചു.
രോഗങ്ങളൊക്കെയും
ഊതിയും കൊട്ടിയും നൂലില്‍
കുരുക്കിയും വാണിരുന്നോര്‍
ആലിംഗനംകൊണ്ട
നുഗ്രഹിക്കുന്നവരൊക്കെയും
വാതിലടച്ചുകൂടി.
ആഘോഷമൊക്കെയും
ആടിത്തിമര്‍പ്പുകളെല്ലാം
ശുഷ്‌കമായിട്ടൊതുങ്ങി.
യാത്രകളൊക്കെയും
മാറ്റിവച്ചിട്ടൊട്ടകന്നു
നടക്കുവാന്‍ ശീലമായി.
ഭിഷഗ്വരര്‍, ശാസ്ത്രഗവേഷകര്‍,
പിന്നെ
ഔഷധോല്പാദകര്‍ ലോകമാകെ
എന്നെ തളക്കുവാന്‍
ആയുധങ്ങള്‍ തേടി
ഒത്തുകൂടി പിന്നെ ചര്‍ച്ചയായി.
ഒട്ടുനാള്‍ നീങ്ങി ഇഴഞ്ഞിപ്പുറം
പൊട്ടി വിരിഞ്ഞു പ്രതീക്ഷാങ്കുരം
കുത്തിവച്ചിട്ടൊതുക്കാനാകുമെന്നുള്ള
വൃത്താന്തമെറെ പരന്നിടുമ്പോള്‍.
ആശ്വസിക്കാം നമുക്കൊത്തുചേരാം ഇനി
വിട്ടുവിട്ടല്ലാതെ ചേര്‍ന്നുപോകാം
ഓര്മയുണ്ടാവണം ഒക്കെയൊതുക്കുവാന്‍
മതിയൊട്ടു ചെറിയൊരു രോഗവിത്ത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.