Sauditimesonline

watches

മൂന്ന് കവിതകള്‍

സബിത മമ്പാട്

രക്തസാക്ഷി

രക്തസാക്ഷി മണ്ഡപങ്ങളല്ല നാടിനാഗ്രഹം
രക്തബന്ധമെന്ന പോലെ മര്‍ത്യനെ നമിക്കണം
വാശിയുണ്ട് ശേഷിയുണ്ട് ശൗര്യമുണ്ട് സിരകളില്‍
ആശയങ്ങള്‍ തമ്മിലാണു വാശിയതെന്നോര്‍ക്കണം
ആളുകള്‍ മരണമടഞ്ഞിടാതെ നോക്കണം
അമ്മയുണ്ട് പെങ്ങളുണ്ട് കാത്തിരിക്കാനാളുമുണ്ട്
നഷ്ടം വന്നു ചേര്‍ന്നിടുന്നു ശിഷ്ടജീവിതങ്ങളില്‍
എത്രമാത്രം ജീവിതങ്ങള്‍മണ്‍മറഞ്ഞു പോയിടും !
നിണമണിഞ്ഞ നോവുകള്‍ നല്‍കിടാതെ നോക്കിടാം
കരുതലോടെ എന്നുമെന്നും കുരുതിയില്‍ നിന്നകന്നിടാം
കാത്തുവെച്ച ജീവിതം കരുതലോടെ നല്‍കിടാം
എത്ര എത്ര വഴികളുണ്ട് ഒത്തുതീര്‍ത്തു പോകുവാന്‍
അത്രമാത്രം ആഗ്രഹിച്ചു ഒത്തുചേര്‍ന്നിരുന്നിടൂ
ഈ കുഞ്ഞുജീവിതത്തെ നന്‍മയില്‍ നിറച്ചിടൂ
കരുത്തരാം യുവജനങ്ങള്‍ കരുത്തിനായ് മുന്നേറിടൂ

ജ്വാല

തര്‍ക്ക ഭൂമിയുടെ അവകാശി നിങ്ങളല്ല അവരല്ല മറ്റാരുമല്ല,
തര്‍ക്കമില്ലാത്തൊരു ലോകത്തെ ഇവരോര്‍ത്തതുമില്ല,
മറക്കില്ല പൊറുക്കില്ല ഈ പ്രതിരോധം….
വെട്ടുന്നു കുഴിമാടം അനിയാ നീ പൊട്ടുന്നു ഹൃദയം
പതിനേഴിന്‍ കരുത്തില്‍ ജ്വലിക്കുന്നു നിന്‍ശക്തി
തുറക്കാത്ത കണ്ണുകളെ തുറന്നിടൂ ഈ ജ്വാലയില്‍,
നീ ചൂണ്ടിയ ചൂണ്ടുവിരല്‍ ജ്വലിക്കണം ജനമനസ്സുകളില്‍,
ഇനി ചിന്തിക്കാം നമുക്കാ വേര്‍തിരിവുകള്‍
ഒന്നിക്കാം നമുക്കീ ചെറു യൗവ്വനങ്ങള്‍ക്കായ്. ….

മേഘം

ആകാശനീലിമയില്‍ തെളിയും മേഘങ്ങള്‍
എന്നും പുതുമയാം കാഴ്ചയല്ലേ,
ദാഹിക്കും ഭൂമിക്ക് കുളിര്‍മഴ നല്‍കിയ
കാര്‍മുകിലെന്തേ മറഞ്ഞു പോയോ,
മനമാകെ കുളിരായി നീ വന്ന നേരം
മനമേറെ കാത്തൊരു പൊന്നോമലേ നീ,
നീപെയ്‌തൊഴിയുമ്പോള്‍ മാഞ്ഞു പോവുന്നൊരാ
പഞ്ഞിക്കെട്ടിനെ ഓര്‍ത്തു നില്‍പ്പൂ,
ദാഹം ശമിപ്പിച്ചു നീ പോയിടുമ്പോള്‍
നിന്‍ ദുഖമാണോ സന്തോഷമാണോ
ആശ്രുവായ് ഭൂമാറില്‍ വന്നു ചേരുന്നത് …
ദൂരങ്ങളേറെ താണ്ടി വരുമ്പോള്‍
ഇല്ലേ അശേഷം ക്ഷീണം നിനക്ക്,
ഗംഭീര്യമുള്ളൊരു ഗര്‍ജ്ജനം കേട്ടാല്‍
കാതോര്‍ക്കും ഞങ്ങള്‍
നിന്‍ കുളിര്‍മഴക്കായ്……

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top