Sauditimesonline

SaudiTimes

നട്ടെല്ലും തളര്‍ന്ന നട്ടെല്ലും

നാദിര്‍ഷാ റഹ്മാന്‍

പ്രവാസികള്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. വറുതിയിലാണെങ്കിലും നാടയണയുമ്പോള്‍ കരുതലോടെ കാക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന വിശ്വാസം. ഒരു ഫീല്‍ഗുഡ് സിനിമയുടെ എല്ലാഗുണങ്ങളും അടങ്ങിയ ഒരു മണിക്കൂര്‍ നീളുന്ന പ്രസ് മീറ്റ് കേരളം മാത്രമല്ല, ലോകത്തുളള മലയാളികള്‍ മുഴുവന്‍ ആകാംഷയോടെ കാത്തിരുന്നു; ആസ്വദിച്ചു! എഴുതി തയ്യാറാക്കിയ നോട്ട് ആണെങ്കില്‍ പോലും മറ്റാരെയും കാണിക്കാതെ ഡെസ്‌കിനടിയില്‍ ഒളിപ്പിച്ചിട്ടാണെങ്കിലും മുഖ്യമന്ത്രി പറയുന്ന വാക്കുകളോട് വിശ്വാസമായിരുന്നു. അതാണ് തകര്‍ന്നുവീണത്. കഴിഞ്ഞ അന്‍പതിലേറെ ദിവസങ്ങളായി കാണുന്ന ലൈവ് ഷോയിലൂടെയും സോഷ്യല്‍മീഡിയയില്‍ വരുന്ന ബിജിഎം വീഡിയോകളും കണ്ടു സന്തോഷിച്ചവര്‍ക്കു കിട്ടിയ സമ്മാനം!

പ്രളയകാലത്തു നാട്ടിലേക്ക് അയച്ച പണം, മരുന്നുകള്‍, സാധന സാമഗ്രികള്‍… എന്നിവക്കു കണക്കുപറയുകയല്ല. ഗള്‍ഫിലെ അറിയപ്പെടുന്നതും അല്ലാത്തതു മായസംഘടനകള്‍, കൂട്ടായ്മകള്‍, അവര്‍ അയച്ച ഓരോപാക്കിലും ഒരു രൂപ നീക്കിയിരിപ്പില്ലാത്ത ബ്ലൂകോളര്‍ ജോലിചെയ്യുന്നവന്റെ വിയര്‍പ്പാണ്. അവന്‍ അതു മുടക്കുന്നതില്‍ ഒരുക്കലും രണ്ടാമതൊന്നു ചിന്തിച്ചിട്ടില്ല. സഹജീവികളോടുള്ള അഗാധമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളങ്ങളായിരുന്നു അത്. അവിടെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇടിത്തീപോലെ പ്രവാസിയുടെ നെഞ്ചില്‍ തളച്ചത്.

‘പാവപ്പെട്ടവനാണെങ്കിലും യാത്രചെയ്തല്ലേ വരുന്നത്. നിശ്ചയിക്കുന്ന പണം അവനും അടക്കണം’ മുഖ്യമന്ത്രി, ഗള്‍ഫ് നാടുകളില്‍ നിന്നു പല പണക്കാരും ഉന്നത ജോലിക്കാരും അവിഹിത മാര്‍ഗത്തില്‍ നാട്ടിലെത്തിയിട്ടുണ്ട്. വിഷന്‍ വന്ദേ ഭാരത് മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അവര്‍ അര്‍ഹരല്ല. അവര്‍ക്കു കൊറന്റൈനില്‍ പോകാന്‍ കൊട്ടാര സദൃശ്യമായ വീടുംപണവും ഉണ്ട്. അങ്ങോട്ടു വന്ന ഗര്‍ഭവതികളിലേറെയും വീടുകളില്‍ തന്നെയാണ് കോറന്റൈനില്‍ കഴിയുന്നത്. എന്നാല്‍ പാവപ്പെട്ടവനോ? അവന്‍ എന്തു ചെയ്യും?

എത്രയൊക്കെ അല്ല എന്ന് പറഞ്ഞാലും ഗള്‍ഫിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവരുന്ന കാര്യത്തില്‍ താങ്കളുടെ നേതൃത്വം എന്ത്‌കൊണ്ടോ ആദ്യം മുതലേ വിമുഖത കാട്ടി എന്നത് വസ്തുതയാണ്. താങ്കളുടെ മന്ത്രിസഭയിലെ ഒരു മന്ത്രി അവരെ രോഗാണുവാഹകര്‍ എന്ന് ആക്ഷേപിച്ചു. പ്രവാസി എല്ലാം സഹിക്കും. എന്നാല്‍ ആത്മാഭിമാനത്തിന് നേരെ വിരല്‍ ചൂണ്ടിയാല്‍ സഹിക്കില്ല.

പ്രവാസികളെ പറഞ്ഞു പറ്റിക്കുന്ന പുനരധിവാസ പാക്കേജ് എന്ന പ്രഹസനത്തിനോട് പോലും പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയല്ലേ രണ്ടു പതിറ്റാണ്ടായി കാണുന്നത്. കാരണം അവന്‍ ജോലി ചെയ്യുന്നത് സഹിക്കാന്‍ കഴിയാത്ത കൊടും ചൂടിലും ശൈത്യത്തിലുമാണ്. അതുകൊണ്ട് ഏതു സാഹചര്യത്തെ നേരിടാനും പ്രവാസിക്കു ഇരട്ടച്ചങ്ക് വേണ്ട, ഒരു ചങ്കുമതി.

കേരളത്തിലെ രാഷ്ട്രീയം എന്തുമാകട്ടെ , പ്രതിപക്ഷം നിങ്ങളുടെ നടപടികളെ വിമര്‍ശിക്കട്ടെ. ബിംബവല്‍ക്കരണവും ആള്‍ദൈവ പൂജയും താങ്കളിലേക്കു കേന്ദ്രീകരിക്കട്ടെ . വാഴ്ത്തു പാട്ടുകാരായ ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ താങ്കള്‍ക്കു വേണ്ടി കീര്‍ത്തനങ്ങള്‍ രചിക്കട്ടെ, മണിക്കൂറുകള്‍ നീക്കി വെച്ചു പ്രതിയോഗിയെ മലര്‍ത്തി അടിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ ഇറക്കാന്‍ പാകത്തില്‍ കണ്ടെന്റുകള്‍ ഉണ്ടാക്കികൊടുക്കട്ടെ. സ്വയം ഭൂവായ ബുദ്ധി ജീവികള്‍ മംഗളപത്രം ചമക്കെട്ടെ. പക്ഷെ എന്താണ് യാഥാര്‍ഥ്യം. പണം കൊടുത്തു പ്രശസ്തിവാങ്ങുന്ന, അന്യന്റെ തലച്ചോറിനെ അവരറിയാതെ നയിക്കുന്ന നവമാധ്യമ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ അഭിരമിച്ചുകൊണ്ട് ഭരണയന്ത്രം നയിക്കരുത്.


കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ചു. ജനങ്ങളെ കൊന്നൊടുക്കിയും സാമ്പത്തികമായി തകര്‍ത്തുകൊണ്ട് മുന്നേറുന്ന സാഹചര്യമാണ്. കഴിയുന്നത്രകാലം പ്രവാസിക്ക് താന്‍ ഇപ്പോള്‍ കഴിയുന്ന സ്ഥലങ്ങളില്‍ തന്നെതുടരണമെന്നാണ് ആഗ്രഹം. എന്നാല്‍ ജോലി നഷ്ടപ്പെട്ടും രോഗികളയായും കഴിയുന്നവര്‍ക്ക് ജന്മനാടയണമെന്ന ആഗ്രഹം തെറ്റാണോ? ജനിച്ചു വളര്‍ന്ന മണ്ണില്‍ അവര്‍ക്കു എത്തിചേരേണ്ടേ? പ്രവാസികളും കേരള സമൂഹവും തമ്മില്‍ ലോകത്തെവിടെയും ഇല്ലാത്ത ആത്മബന്ധമുണ്ട്. ഗള്‍ഫ് കുടിയേറ്റം മുതലാണ്‌ േകരളത്തിനുണ്ടായ വളര്‍ച്ച എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ് പ്രവാസികളുടെ തിരിച്ചു വരുവുമായി ബന്ധപെട്ടു കേരളിത്തിലെ എല്ലാ സാമൂഹിക സംഘടനകളും അവര്‍ ഇതുവരെ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളെല്ലാം പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചത്. സര്‍ക്കാര്‍ അവരില്‍ നിന്നു പല സ്ഥാപനങ്ങളും കോര്‍ഡിനേറ്റു ചെയ്തിട്ടുണ്ടെന്നത് സത്യമാണ്.എന്നാല്‍ മുഴുവനായും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. അതാണ് മുഖ്യമന്ത്രി കോടതിയില്‍ കൊടുത്ത സത്യവാങ്മൂലവും കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത്.


പല സ്ഥാപനങ്ങളിലും പാര്‍പ്പിച്ചിട്ടുള്ള ആളുകള്‍ക്ക് ആസ്ഥാപനങ്ങളോ നാട്ടുകാരോ ആണ് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുളളത്. കടുത്ത വറുതിയിലായിട്ടും ഗര്‍ണ്മെന്റ് ഓര്‍ഡര്‍ പ്രകാരം കമ്മ്യൂണിറ്റി കിച്ചണില്‍ തദ്ദേശസ്ഥാപനങ്ങള്‍ പിരിവെടുത്താണ് ഭക്ഷണം വിതരണംചെയ്യുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തന്നെയല്ലേ ഇപ്പോഴും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. കിറ്റ് കൊടുക്കുന്നതില്‍ സര്‍ക്കാരിന്റെ പങ്കുമറക്കുന്നില്ല. അതിലെ രാഷ്ട്രീയവും അതു കൊടുക്കുന്നരീതികളും ഇവിടെ വിമര്‍ശന വിധേയമാക്കുന്നുമില്ല. കാരണം ജനങ്ങള്‍ക്ക് സഹായങ്ങള്‍ കിട്ടുന്നതു മുടങ്ങാന്‍ പാടില്ല.. കൊറോണ വന്ന ആദ്യ ലാപ്പില്‍ തന്നെ എങ്ങിനെയാണ് കേരളം ഒന്നാമതായത്? ‘ഒരാള്‍ ‘ ചമച്ച വാര്‍ത്ത വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലെ മാധ്യമങ്ങളില്‍ വായിച്ചത് കൊണ്ട് നമ്മള്‍ ഒന്നാമതെത്തി! ടെസ്റ്റിംഗുകള്‍ കൂട്ടാതെ എങ്ങനെ രോഗിയെ കണ്ടെത്താന്‍ സാധിക്കും? ദേശീയ ശരാശരിയില്‍ എത്രയോ താഴെയാണ് കേരളം നടത്തുന്ന ടെസ്റ്റിംഗുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.


കുറഞ്ഞ രോഗികള്‍, കൂടുതല്‍രോഗവിമുക്തര്‍, കുറഞ്ഞ മരണനിരക്ക് എന്ന ആപ്തവാക്യത്തിന് ഇടിവ് പറ്റുമോ എന്ന ഭയമാണോ മറുനാടന്‍ മലയാളികളെയും പ്രവാസികളെയും നാട്ടിലേക്ക് സ്വാഗതം ചെയ്യാനും അവര്‍ക്കുള്ള സൗകര്യം ഒരുക്കാനും വിമുഖത കാണിക്കുന്നത്? മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റി പറഞ്ഞത് അതുകൊണ്ടാണോ? പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്നാണ് മുഖ്യമന്ത്രിയുടെ വെയ്പ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അരയ്ക്കു താഴെ തളര്‍ന്ന ശരീരത്തിന്റെ നട്ടെല്ലാവരുതെന്നാണ് പ്രവാസികളുടെ താല്‍പര്യം

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top