
റിയാദ്: ഹഥ്‌റാസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ സംരക്ഷിക്കാന്‍ യോഗി ആദിത്യനാഥും യുപി പോലീസും ഒത്തുകളിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. അതുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. യു.പി.യില്‍ ദലിത് പീഡനങ്ങളും ബലാല്‍സംഗക്കൊലകളും വര്‍ധിക്കുകയാണ്. ഇത് സംഘ് പരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയുടെ നേര്‍ ചിത്രമാണ് വ്യക്തമാക്കുന്നത്. യുപിയില്‍ സവര്‍ണ്ണ ജാതിയില്‍ ഉള്‍പ്പെടാത്ത മനുഷ്യരുടെ ജീവിതം ദുരിതപര്‍വ്വമാണ്. കഴിഞ്ഞ 14ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്.

ഹഥ്‌റസിലേക്കുള്ള യാത്രക്കിടെ യു.പി പോലീസ് അറസ്റ്റ് ചെയ്ത പത്രപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും പിന്‍വലിക്കണമെന്നും പ്രവാസി സാംസ്‌കാരിക വേദി ആവിശ്യപ്പെട്ടു. പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി പ്രസിഡന്റ് സലീം അത്തോളി അദ്ധ്യക്ഷത വഹിച്ചു. ഓ ഐ സി സി പ്രതിനിധി നവാസ് വെള്ളിമാട്കുന്ന്, സാമൂഹിക പ്രവര്‍ത്തകന്‍ ഹരികൃഷ്ണന്‍, പ്രവാസി പ്രതിനിധി ബാരിഷ് ചെമ്പകശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രമോദ് അത്തോളി സ്വാഗതവും ഇഖ്ബാല്‍ കാരന്തൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
