
റിയാദ്: സൗദിയിലെ വന്‍കിട പദ്ധതികളിലൊന്നായ ഖിദ്ദിയ വിനോദ നഗരത്തില്‍ 700 ദശലക്ഷം റിയാലിന്റെ നിര്‍മാണ കരാര്‍ ഒപ്പുവെച്ചു. മരുഭൂമിയില്‍ മഹാവിസ്മയം തീര്‍ക്കുന്ന പദ്ധതിയാണ് ഖിദ്ദിയ വിനോദ നഗരം. ഇവിടെ കൃത്രിമ വെളളച്ചാട്ടം, റോഡുകള്‍, പാലങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുളള കരാറാണ് ഒപ്പുവെച്ചത്. ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും സൗദിയിലെ ശിബ് അല്‍ ജസീറ കോണ്‍ട്രാക്ടിംഗ് കമ്പനിയുമാണ് 700 ദശലക്ഷം റിയാലിന്റെ കരാര്‍ ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം 45 കിലോമീറ്റര്‍ റോഡുകള്‍, ഏഴ് പാലങ്ങള്‍, കൃത്രിമ വെളളച്ചാട്ടത്തിനുളള ജലനിര്‍ഗമന സംവിധാനം, ഹൈവേയില്‍ നിന്ന് പദ്ധതി പ്രദേശത്തേക്കുളള റോഡുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് ഖിദ്ദിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റെയ്‌നിംഗര്‍ പറഞ്ഞു. റോഡുകള്‍ നിര്‍മ്മിക്കുന്നതിന് 6.5 ദശലക്ഷം ഘനമീറ്റര്‍ ഭൂമി കുഴിച്ചെടുത്ത് നിരപ്പാക്കും. പാലങ്ങള്‍ക്കും അനുബന്ധ ഘടനകള്‍ക്കും 80,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ആവശ്യമാണ്. 334 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന നഗരത്തിന്റെ ഒന്നാം ഘട്ടം 2023ല്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിബ് അല്‍ ജസീറ കമ്പനിക്കു ഖിദ്ദിയ പദ്ധതിയില്‍ ലഭിക്കുന്ന രണ്ടാമത്തെ കരാറാണിത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
