റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന സംബന്ധിച്ച് പ്രതിസന്ധിയില്ലെന്ന് നിയമ സഹായ സമിതി. ‘ആശയക്കുഴപ്പമൊന്നുമില്ല. എംബസി വഴി കാര്യങ്ങള്‍ നടത്താനുളള ശ്രമം തുടരുന്നു. മറ്റുനടപടിക്രമങ്ങളും പുരോഗമിക്കുന്നു’-മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
അഭിഭാഷകരുമായുളള ഇടപാടുകള്‍ നിയമ പ്രകാരം തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്. മരിച്ച ബാലന്റെ കുടുംബം ചുമതലപ്പെടുത്തിയ നിയമ സ്ഥാപനവുമായി രേഖമൂലം കരാറുണ്ട്. ഇത് എംബസിയുടെ അറിവോടെ വളരെ നേരത്തെ തയ്യാറാക്കി ഇരുവിഭാഗവും അംഗീകരിച്ചതാണ്. 150 ലക്ഷം റിയാലിന്റെ അഞ്ച് ശതമാനം അഭിഭാഷകരുടെ ഫീസാണ്. ഏഴര ലക്ഷം റിയാലാണ് ലോ ഫേമിന് നല്‍കേണ്ടത്. റഹീമിന്റെ കുടുംബത്തിന്റെ പേരില്‍ ലോ ഫേം ഇന്‍വോയിസ് ഇഷ്യൂ ചെയ്യും. ഇതിന് സൗദിയിലെ നിയമ പ്രകാരം 15 ശതമാനം നികുതി ബാധകമാണ്. നികുതി ഇനത്തില്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ് റിയാല്‍ (ഏകദേശം 25 ലക്ഷം രൂപ) ആവശ്യമാണ്. വാറ്റ് സംബന്ധിച്ച വിഷയം ഇപ്പോഴാണ് ശ്രദ്ധയില്‍ വന്നത്. ഇതു റഹീമിന്റെ മോചനം വൈകാന്‍ കാരണമാവില്ലെന്ന് മാത്രമല്ല പ്രതിസന്ധി സൃഷ്ടിക്കുകയുമില്ല.
ലോ ഫേമുമായുളള കരാര്‍ പ്രകാരം അനസ് അല്‍ ശഹ്‌രിയുടെ കുടുംബം മാപ്പു നല്‍കാന്‍ സന്നദ്ധമാണെന്ന് കോടതിയെ രേഖാ മൂലം അറിയിച്ചുകഴിഞ്ഞാല്‍ വക്കീല്‍ ഓഫസിന് ഫീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതു കോടതിയെ അറിയിച്ച സാഹചര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി വഴി ഫീസ് നല്‍കാനാണ് റിയാദിലെ റഹിം നിയമ സഹായ സമിതി ശ്രമിക്കുന്നത്. ദിയാ ധനം എംബസി വഴി കൈമാറാന്‍ തടസ്സമില്ല. എന്നാല്‍ ലീഗല്‍ ഫീസ് എംബസി വഴി കൈമാറുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം തുടരുകയാണ്. ഇതില്‍ കാലതാമസം നേരിട്ടാല്‍ നാട്ടിലെ നിയമ സഹായ സമിതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലോ ഫേമിന്റെ അക്കൗണ്ടിലേയ്ക്ക് എംബസിയുടെ അനുമതിയോടെ പണം ട്രാന്‍സ്ഫര്‍ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് സഹായ സമിതി ഭാരവാഹികള്‍ നടത്തുന്നത്.
റിയാദിലെ നിയമ സഹായ സമിതി പ്രവര്‍ത്തകര്‍ ഇതുവരെയുളള പുരോഗതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. നാട്ടിലെ റഹിം നിയമ സഹായ സമിതിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിഎം ഷമീര്‍, മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, ചെയര്‍മാന്‍ സിപി മുസ്തഫ, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, റഹീമിന്റെ കുടുംബത്തിന്റെ പവര്‍ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, സുധീര്‍ കുമ്മിള്‍, കുഞ്ഞോയ് ഫറോഖ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.