നിയമ ലംഘനം: 18,428 വിദേശികളെ സൗദിയില്‍ അറസ്റ്റ് ചെയ്തു


റിയാദ്: സൗദിയില്‍ നിയമലംഘകരെ കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ 18,428 വിദേശികളെ പിടികൂടി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളിലൊണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസനിയമം ലംഘിച്ച 11,664 പേര്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 4,301 പേര്‍, തൊഴില്‍നിയമ ലംഘനം നടത്തിയ 2,463 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ്.

രാജ്യത്തേക്ക് അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,000 പേര്‍ അറസ്റ്റിലായി. ഇവരില്‍ 36 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകര്‍ രാജ്യത്തുനിന്ന് പുറത്തുപോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവര്‍ക്ക് അഭയം നല്‍കുകയും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.

Leave a Reply