റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന റെമിറ്റന്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി. 27 മാസത്തിന് ശേഷം ആദ്യമായാണ് കഴിഞ്ഞ മാസം വര്‍ധനവ് രേഖപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18.4 ശതമാനം റെമിറ്റന്‍സ് കൂടുതലാണ് . 1,183 കോടി റിയാലാണ് വിദേശികള്‍ മെയ് മാസം മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 999 കോടി റിയാലായിരുന്നു. 183 കോടി റിയാലാണ് അധികം അയച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 5,547 കോടി റിയാലാണ് വിദേശികളുടെ റെമിറ്റന്‍സ്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ അഞ്ചു മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 282 കോടി റിയാലിന്റെ വര്‍ധനവ് ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വിദേശ തൊഴിലാളികള്‍ അയച്ച പണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. സ്വദേശികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിദേശങ്ങളിലേക്കയച്ച പണത്തില്‍ 52 ശതമാനം കുറവ് രേഖപ്പെടുത്തിയതായും സാമ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
