റിയാദ്: ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി(സാമ)യുടെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ എസ് എം എസ് വഴി വിവരം ശേഖരിക്കുന്നില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
വ്യാജ എസ് എം എസ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ശ്രദ്ധയില്‍ പെട്ടതോടെയാണ് സാമ മുന്നറിയിപ്പ് നല്‍കിയത്. സന്ദേശത്തിലുളള നമ്പരില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍ ഇത് സാമയുടെ നമ്പരല്ലെന്നും രാജ്യത്തെ ഒരു ബാങ്കും ഇത്തരം നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ബാങ്ക് ഇടപാടുകാര്‍ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്കുകളുടെ ഔദ്യോഗിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഔദ്യോഗിക ഉറവിടം ഇല്ലാത്ത എസ് എം എസുകളില്‍ കാണുന്ന നമ്പരുകളില്‍ വിവരം നല്‍കിയാല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. സൈബര്‍ കുറ്റവാളികളാണ് ഇത്തരം എസ് എം എസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് പുറത്തു നിന്നു ഉപഭോക്താക്കളുടെ വിവരം ശേഖരിച്ച് ബാങ്കു അക്കൗണ്ടുകളില്‍ നിന്നു പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സാമ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
