Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദ് നാടക വേദിക്ക് സംഗീത നാടക അക്കാദമി അംഗീകാരം

റിയാദ്: നാടക കല പ്രോത്സാഹിപ്പിക്കുന്നതിന് രൂപംകൊണ്ട റിയാദ് നാടക വേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്ററിന് കേരള സംഗീത നാടക അക്കാദമി അംഗീകാരം. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സമിതിക്ക് 2023 വരെ അംഗീകാരം പുതുക്കി നല്‍കി. പ്രവാസികള്‍ക്കിടയില്‍ മലയാള നാടകം പരിചയപ്പെടുത്തുക, നാടക കലാകാരന്‍മാരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുക എന്നിവയാണ് സമിതിയുടെ ലക്ഷ്യം. www.nadakam.com വെബ്‌സൈറ്റുമായി സഹകരിച്ച് പ്രവൃത്തിക്കുന്ന നാടകവേദി മിഡില്‍ ഈസ്റ്റില്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ഏക സമിതിയാണ്.

25 അംഗ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം. 10 വര്‍ഷം പിന്നിട്ട സമിതി റിയാദില്‍ കുഞ്ഞാലി മരക്കാര്‍, നീലക്കുയില്‍ തുടങ്ങി 9 നാടകങ്ങളും 12 ലഘുനാടകങ്ങളും അവതരിപ്പിച്ചു. കുട്ടികളുടെ നിരവധി നാടകങ്ങളും അവതരിപ്പിച്ചു. സൗദി അറേബ്യയില്‍ ആദ്യമായി വനിതകളുടെ നാടകസംഘം 2017ല്‍ സ്ഥാപിച്ചു. റിയാദിലെ 15 ഇന്ത്യന്‍ സ്‌കൂളുകള്‍ പങ്കെടുത്ത നാടക മത്സരം 4 വര്‍ഷം അരങ്ങേറി. മലയാളം, ഇഗ്‌ളീഷ്, ഹിന്ദി ഭാഷകളില്‍ വിദേശ രാജ്യത്തെ ആദ്യ ഇന്റര്‍ സ്‌കൂള്‍ നാടകമേളക്കും റിയാദ് നാടക വേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്റര്‍ നേതൃത്വം നല്‍കി.

പുതുക്കിയ അംഗീകാരപത്രം അക്കാദമി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മനോജ്കുമാര്‍ കെ.എസ്, ജൂനിയര്‍ സൂപ്രണ്ട് ഷാജി, പ്രോഗ്രാം ഓഫീസര്‍ അനില്‍, അക്കാദമി നിര്‍വാഹക സമിതി അംഗം അഡ്വ. പ്രേം പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ റിയാദ് നാടകവേദി സെക്രട്ടറി ദീപക് കലാനിക്ക് കൈമാറി. ഓണ്‍ലൈന്‍ മീറ്റിംഗ് വഴി ഹാഷിഖ് വലപ്പാട്, അരുണ്‍ ബാബു, ആദര്‍ശ് ശിവന്‍, സനോജ്, മുന്‍ ചെയര്‍മാന്‍ നിസ്സാര്‍ ജമീല്‍, മുന്‍ പ്രസിഡന്റ് ശ്യാം പന്തളം എന്നിവരും പങ്കെടുത്തു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള നാടകവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും വ്യാപിക്കും. ഇതിനായി റിയാദ് നാടക വേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അരുണ്‍ ബാബു, ആദര്‍ശ് ശിവന്‍, സനോജ്, നിസ്സാര്‍ ജമീല്‍, ശ്യാം പന്തളം എന്നിവര്‍ നേതൃത്വം നല്‍കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top