Sauditimesonline

watches

റിയാദ് സീസണ്‍ രണ്ടാം എഡിഷന് ഒരുങ്ങി തലസ്ഥാനം

റിയാദ്: റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ വിശദാംശങ്ങള്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീളുന്ന ആഘോഷ പരിപാടികളില്‍ ലയണല്‍ മെസിയും നൈമറും പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരവും അരങ്ങേറും.

ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനും റിയാദ് സീസണ്‍ അധ്യക്ഷനുമായ തുര്‍ക്കി അല്‍ഷെയ്ക്ക് ആണ് ഒക്‌ടോബര്‍ 20ന് ആരംഭിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. തലസ്ഥാനമായ റിയാദിലെ 14 മേഖലകളില്‍ 5.4 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായി 7,500 ലധികം പരിപാടികള്‍ അരങ്ങേറും. അടുത്ത വര്‍ഷം ജനുവരിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കും. ലയണല്‍ മെസിയും നൈമറും പങ്കെടുക്കും.

70 അറബ് സംഗീതകച്ചേരികള്‍, ആറ് അന്താരാഷ്ട്ര സംഗീത വിരുന്നുകള്‍, പത്ത് അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 കലാ പ്രകടനങ്ങള്‍, 18 അറബ് നാടകങ്ങള്‍, ആറ് അന്താരാഷ്ട്ര നാടകങ്ങള്‍, ഫ്രീറെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്, അന്താരാഷ്ട്ര മത്സരങ്ങള്‍, 100 സര്‍ഗ സംവാദങ്ങള്‍, എന്നിവ അരങ്ങേറും. 200 റെസ്‌റ്റോറന്റുകള്‍, 70 കഫേകള്‍ എന്നിവയും റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഭാഗമായി പങ്കെടുക്കും.

പരിപാടി നടക്കുന്ന 14 മേഖലകളില്‍ നാല് എണ്ണത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 30-40 ശതമാനം നിരക്ക് കുറവാണ് റിയാദ് സീസണ്‍ പരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top