Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

പൈതൃക സുഗന്ധം പരത്തി ദീരയില്‍ ‘സൂഖ് അല്‍ സല്‍’

നൗഫല്‍ പാലക്കാട്
റിയാദ്: സൗദി അറേബ്യയിലെ പുരാതന കമ്പോളം ‘ദീര സൂഖ്’ റിയാദ് സീസണിന്റെ ഭാഗമായി അണിഞ്ഞൊരുങ്ങിയതോടെ സന്ദര്‍ക പ്രവാഹം. നൂറ്റാണ്ട് പഴക്കമുളള കമ്പേളത്തില്‍ അറബ് നാഗരികതയും ജീവിത രീതിയും പുനരാവിഷ്‌കരിച്ചത് കൗതുക കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.

സൂഖ് അല്‍ സല്‍’ എന്ന പേരിലാണ് ദീരയില്‍ പുരാതന അറേബ്യയുടെയും ആധുനിക അറേബ്യയുടെയും വാണിജ്യ സംസ്‌കാരിക സംഗമ കേന്ദ്രം ഒരുക്കിയിട്ടുളളത്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പൗരാണിക ജീവിത രീതികള്‍, വിവിധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലെ വൈഭവം എന്നിവ പരിചയപ്പെടാന്‍ സൂഖില്‍ മവസരം ഉണ്ട്.

സൗദിയുടെ തനത് സംസ്‌കാരം അടുത്തറിയാന്‍ സഞ്ചാരികള്‍ ആദ്യം എത്തുന്നത് ദീര സൂഖിലാണ്. അറബ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ ഊദ്, സുഗന്ധ ദ്രവ്യങ്ങള്‍, പരവതാനികള്‍, മോതിരക്കല്ലുകള്‍, അറബ് വസ്ത്രങ്ങള്‍ എന്നാവ ലഭ്യമായ അപൂര്‍വ്വം കമ്പോളങ്ങളില്‍ ഒന്നാണ് ദീര.

1901ല്‍ സ്ഥാപിച്ച ദീര സൂഖ് വാണിജ്യ കേന്ദ്രം എന്നതിലുപരി ഒത്തുചേരലിന്റെ അങ്ങാടി കൂടിയാണ്. അര നൂറ്റാണ്ടിലേറെയായി പഴമ നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ പുരാതന വസ്തുക്കളുടെ ലേലമാണ് ഇവിടുത്തെ പ്രത്യേകത. അറബികളുടെ വാദ്യോപകരണം ഊദ് ഉപയോഗിച്ചുളള സംഗീതം, നാടോടി നൃത്തമായ അര്‍ദ എന്നിവ ഉള്‍പ്പടെ നിരവധി കാലാപരിപാടികളും സൂഖില്‍ ഒരുക്കിയിട്ടുണ്ട്.

കല്യാണം പെരുന്നാള്‍ ഉള്‍പ്പടെയുള്ള വിശേഷ ദിവസങ്ങളില്‍ വധൂ വരന്മാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ വാങ്ങുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ ഇപ്പോഴും ദീരയിലെത്തുന്നുണ്ട്!.സൗദിയുടെ പരമ്പരാഗത നൃര്‍ത്ത കലയായ ‘അര്‍ദ’ ക്ക് ആവശ്യമായ അലങ്കാര ആയുധങ്ങള്‍,വസ്ത്രങ്ങള്‍,ദഫ് എല്ലാം ലഭിക്കുന്നിടം കൂടിയാണ് ഇവിടം.

വിവിധ വിഷയങ്ങളില്‍ കൃത്യമായ അറിവ് പകര്‍ന്ന് തരുന്നതിന് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ റിയാദ് സീസണ്‍ വിന്യസിച്ചിട്ടുണ്ട് .മസ്മക് കോട്ടയുടെ ചേര്‍ന്നുള്ള സല്‍ സൂഖിലേക്ക് പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top