നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദിയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശന മേള റിയാദ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി 450 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന മേള കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സുവര്‍ണാവസരമാണ് ഒരുക്കിയിട്ടുളളത്. കാര്‍ഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഫാമുകളുടെ പരിപാലനവും മെഷിനറികളുടെ ഉപയോഗവും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്.
സൗദിയിലേക്ക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും കയറ്റിയക്കുന്ന കമ്പനികള്‍ക്കും ലോകത്തിന്റെ വിവിവിധ കോണുകളിലുള്ള കാര്‍ഷിക വാണിജ്യ മേഖലയിലെ വിദഗ്ദ്ധരുമായി കൂടിക്കാഴ്ചക്കും അവസരം ഉണ്ട്. കാര്‍ഷിക മേഖലയിലും സസ്യശാസ്ത്ര രംഗത്തും പഠനവും പരീക്ഷണങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മേള പ്രയോചനപ്പെടും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ വെറ്റിനറി മെഡിസിനിക്കുകളും കൃഷിയിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനുളള സംവിധാനങ്ങളും പ്രദര്‍ശനത്തിനുണ്ട്.
ഈത്തപ്പഴം, മുന്തിരി, മാതളം, ഒലീവ്, കാപ്പി, അത്തിപ്പഴം, മാമ്പഴം തുടങ്ങി നിരവധി ആഭ്യന്തര കാര്‍ഷിക ഉത്പ്പന്നങ്ങളുണ്ട്. കര്‍ഷകര്‍ക്ക് പുതിയ ടെക്‌നോളോജി പരിചയഠെടാനും വിദേശ രാജ്യങ്ങളുടെ കൃഷി രീതികള്‍ പഠിക്കാനും മേള സഹായിക്കും. തബൂക്, തായിഫ്, അബഹ, അല്‍ ബഹ എന്നിവിടങ്ങളില്‍ നിന്നുളള കര്‍ഷകര്‍ മേള സന്ദര്‍ശിക്കുന്നുണ്ട്. പ്രമുഖ പാലുല്‍പന്ന കമ്പനി അല്‍ മറായി ഉള്‍പ്പടെ ചെറുകിട ഇടത്തരം ഉത്പ്പാദകരും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. പ്രദര്‍ശന വേദിയില്‍ റഷ്യന്‍ ഉത്പന്നങ്ങളും മെഷിനറികളും പ്രതേകം പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ട നിര്‍മാണം, പൂച്ചെടികള്‍, വളങ്ങള്‍, ചെടിച്ചട്ടികള്‍, പരിചരണ ഉത്പ്പന്നങ്ങള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. വീടിനകത്തും പുറത്തും പൂന്തോട്ട നിര്‍മ്മാണത്തിന് മാര്‍ഗനിര്‍ദേശവും മേളയില്‍ ലഭ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.