Sauditimesonline

watches

തവക്കല്‍നയില്‍ ഇമ്യൂണ്‍ ആയവര്‍ക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

റിയാദ്: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതില്‍ പ്രവാസികളില്‍ സമ്മിശ്ര പ്രതികരണം. സൗദിക്കു പുറത്തു നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ടുളള പ്രവേശനത്തിന് വിലക്ക് തുടരുന്നത് വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് ഗുണകരമാവില്ലെന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ പ്രതികരിച്ചു.

2019 അവസാനം അവധിക്ക് നാട്ടില്‍ പോയവരും കൊവിഡ് രൂക്ഷമായ 2020ല്‍ നാടുപിടിച്ചവരും സൗദിക്ക് പുറത്ത് വാക്‌സിന്‍ സ്വീകരിച്ചവരൊണ്. 2021 മെയ് വരെ റീ എന്‍ട്രി വിസയില്‍ സൗദിയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയവരില്‍ കുറച്ചു പേര്‍ മാത്രമാണ് സൗദിയില്‍ നിന്ന് ആദ്യ ഡോസ് സ്വീകരിച്ചത്. ഇവര്‍ രണ്ടാം ഡോസ് വിദേശ രാജ്യങ്ങളില്‍ നിന്നാണ് സ്വീകരിച്ചത്.

വിദേശരാജ്യങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലില്‍ ഡോകുമെന്റ് അപ്‌ലോഡ് ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. സൗദി അംഗീകരിക്കുന്ന വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ച് ഡോകുമെന്റ് അപ്‌ലോഡ് ചെയ്തവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുകയും ചെയ്തിരുന്നു. സൗദിയില്‍ ആദ്യ ഡോസ് സ്വീകരിക്കുകയും കേരളത്തില്‍ രണ്ടാം ഡോസ് കൊവി ഷീല്‍ഡ് സ്വീകരിക്കുകയും ചെയ്ത നൂറുകണക്കിന് പ്രവാസികള്‍ക്ക് തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചിരുന്നു. രണ്ട് ഡോസ് കേരളത്തിലെടുത്തവരും ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവരില്‍ ഉള്‍പ്പെടും.
കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ പ്രവാസി സമൂഹത്തിന് അനുകൂലമായ നിലപാടാണ് സൗദി ഭരണകൂടം സ്വീകരിച്ചത്. ഇഖാമയും റീ എന്‍ട്രിയും പല തവണ സൗജന്യമായി പുതുക്കി നല്‍കി. പ്രത്യേകിച്ച് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് 2021 സെപ്തംബര്‍ 30 വരെ ഇഖാമയും റീ എന്‍ട്രിയും പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനിടെയാണ് സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ ശേഷി കൈവരിച്ചവര്‍ക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനത്തിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സമീപ ദിവസങ്ങളില്‍ തവക്കല്‍നയില്‍ ഇമ്യൂണ്‍ നേടിയ മുഴുവന്‍ പ്രവാസികള്‍ക്കും സൗദിയില്‍ നേരിട്ട് പ്രവേശിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രവാസി സമൂഹം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top