റിയാദ്: ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് സൗദി അറേബ്യ ദീം എന്ന പേരില്‍ ക്ലൗഡ് ആരംഭിച്ചു. സൗദി ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് ക്ലൗഡ് ആരംഭിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ രംഗത്തുളള പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവര ശേഖരണത്തിന് രാജ്യത്തിന്റെ ഔദ്യോഗിക ക്ലൗഡ് സ്ഥാപിച്ചത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ വിവരങ്ങള്‍ ദീം ക്ലൗഡിലേക്ക് മാറ്റും.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ ക്ലൗഡിന് കഴിയും. മാത്രമല്ല വിവരങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ദീം ക്ലൗഡ് പ്രയോജനപ്പെടും. ഏറ്റവും മികച്ച ഡിജിറ്റല്‍ ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ദീം പ്ലാറ്റ്‌ഫോമിന് കഴിയുമെന്നും അധികൃതര്‍ വിശദീകരിച്ചു.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ സുപ്രധാന സ്ഥാനമാണ് ഡിജിറ്റല്‍ ടെക്‌നോളജിക്ക് നല്‍കിയിട്ടുളളത്. അതിന്റെ ഭാഗമാണ് ദീം ക്ലൗഡ് എന്ന് സൗദി ഡാറ്റാ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.