ഗള്‍ഫ് നാടുകളില്‍ സ്‌ക്രൂഡ്രൈവര്‍ കയ്യിലെടുക്കുന്നവരെയെല്ലാം ‘മുഹന്തിസ്’ എന്ന് വിളിച്ചിരുന്ന കാലമുണ്ടായിരുന്നു. അതായത് എഞ്ചിനീയര്‍ എന്ന്. ആ കാലമൊക്കെ കടന്നുപോയി. വ്യാജന്‍മാരായ എഞ്ചിനീയര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും തൊഴില്‍ വിപണിയില്‍ സ്ഥാനമില്ല. അത്തരക്കാരെ കണ്ടെത്താനും ഒഴിവാക്കാനും സൗദി അറേബ്യ നടപടി തുടങ്ങി.
സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികള്‍ യോഗ്യതാ പരീക്ഷ പാസാകണം എന്ന പുതിയ ചട്ടം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട് ചെയ്യുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയം, സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍, സൗദി മാനവശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി പ്രഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മാത്രമാണ് നിലവില്‍ യോഗ്യതാ പരീക്ഷ നടത്തിയിരുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് പ്രൊഫഷണല്‍ രജിസ്‌ട്രേഷനും നടത്തുന്നുണ്ട്. എന്നാല്‍ എഞ്ചിനീയറിംഗ് മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ നൈപുണ്യം പരിശോധിക്കാന്‍ പരീക്ഷ നടത്തും. അതായത് എഞ്ചിനീയര്‍ കാറ്റഗറിക്ക് പുറമെ ടെക്‌നീഷ്യന്‍മാരായി ജോലി ചെയ്യുന്നവര്‍ യോഗ്യതാ പരീക്ഷ പാസാകണം. ഇതുസംബന്ധിച്ച് മുനിസിപ്പല്‍, ഗ്രാമീണ കാര്യ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സിന് നിര്‍ദേശം നല്‍കി. അതാണ് ജൂലൈ മുതല്‍ നടപ്പിലാക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് ഇതു സംബന്ധിച്ച് നിര്‍ദേശം വന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. അതുപ്രകാരം ഇലക്ട്രീഷ്യന്‍, പഌബര്‍, ടെലിഫോണ്‍ കേബിള്‍ നെറ്റ്‌വര്‍ക്, സിസിടിവി തുടങ്ങി നിരവധി തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പരീക്ഷ പാസാകണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ 23 മേഖലകളില്‍ ആയിരത്തിലധികം പ്രഫഷനുകള്‍ക്ക് തൊഴില്‍ നൈപുണ്യ പരീക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
സൗദിയിലെത്തി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തിലൂടെ വൈദഗ്ദ്യം നേടിയ ആയിരക്കണക്കിന് വിദേശികള്‍ സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ നിയമം ഇവര്‍ക്കാണ് വെല്ലുവിളിയാകുന്നത്. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം തെളിയിക്കുന്നതിന് പരീക്ഷ പാസാകണം. താമസാനുമതി രേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രൊഫഷന് അനുസൃതമായി തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുതി യോഗ്യത നേടണം. അതേസമയം പുതിയ വിസയില്‍ മാതൃരാജ്യങ്ങളില്‍ പരീക്ഷ എഴുതി വിജയിക്കുന്നവര്‍ക്ക് സൗദിയിലെത്തി വീണ്ടും പരീക്ഷ എഴുതേണ്ട ആവശ്യമില്ല.
തൊഴില്‍ വിപണിയില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും ഇല്ലാത്ത നിരവധിയാളുകള്‍ ഉയര്‍ന്ന വേതനത്തോടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം വര്‍ധിപ്പിക്കുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പരീക്ഷക്ക് തയാറെടുക്കണമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനായി തൊഴിലുടമകള്‍ എസ്‌വിപി ഡോട്ട് ക്യൂ ഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ (svp.qiwa.sa) എന്ന വെബ്‌സൈറ്റ് വഴി ഏത് സ്ഥാപനങ്ങളിലാണ് തൊഴിലാളികള്‍പരീക്ഷക്ക് ഹാജരാക്കാന്‍ താല്‍പര്യമുളളതെന്ന് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
അക്കൗണ്ടന്റ് പ്രൊഫഷനിലുളള വിദേശികള്‍ രജിസ്‌ട്രേഷനും അക്രഡിറ്റേഷനും 2019 ആഗസസ്ത് 31ന് മുമ്പ് നേടണമെന്ന് സൗദി സര്‍ട്ടിഫൈഡ് പബഌക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രജസ്‌ട്രേഷന്‍ നേടാത്തവരുടെവര്‍ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇങ്ങനെ തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ രണ്ടു വര്‍ഷത്തിനിടെ രാജ്യം വിട്ടിരുന്നു.
വിവിധ ജോലിചെയ്യുന്ന നിരവധി വിദേശതൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമയില്‍ അക്കൗണ്ടന്റ് പ്രൊഫഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഫാമിലി വിസ നേടുന്നതിന് പ്രൊഫഷന്‍ മാറ്റിയവരും ഉണ്ട്. അക്കൗണ്ടന്റുമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ബാധകമായതോടെ ഇവരും സൗദിയില്‍ നിന്നു രാജ്യം വിട്ടിരുന്നു.
ഇതേമാതൃകയില്‍ വിദഗ്ദ തൊഴിലാളികളുടെ പ്രൊഫഷനുളളവര്‍ നൈപുണ്യ പരീക്ഷ പാസായില്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്നാണ് സൂചന.
രാജ്യത്തെ തൊഴില്‍ വിപണി ശുദ്ധീകരിക്കുകയും മനുഷ്യ വിഭവശേഷിയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.